ചരിത്രം തമസ്കരിച്ച സ്വാതന്ത്ര്യസമര പോരാളികൾ അരങ്ങിലെത്തുന്നു
1497469
Wednesday, January 22, 2025 7:30 AM IST
തൃശൂർ: സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നു തമസ്കരിക്കപ്പെട്ട എട്ടു സ്വാതന്ത്ര്യസമരനായകരെ അരങ്ങിലെത്തിക്കാൻ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ. 1500 വിദ്യാർഥികൾ ചേർന്നു രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സംഗീതനൃത്തനാടകത്തിലൂടെയാണ് സ്വാതന്ത്ര്യസമര പോരാളികളെ പുനരാവിഷ്കരിക്കുക. 24 നു വൈകീട്ട് 6.15 നു ദേവമാത അങ്കണത്തിലാണു പരിപാടി.
ബ്രിട്ടീഷ് കമ്പനിക്കെതിരേ നിലകൊണ്ട മേഘാലയയിലെ വനിതാപോരാളി കഫാൻ, 14-ാം വയസിൽ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ബംഗ്ലാദേശിൽനിന്നുള്ള സുനിതി ചൗന്ദരി, ഹൈദരാബാദിലെ ആദിവാസികളിൽനിന്നുള്ള 40 വയസിൽ വെടിയേറ്റു മരിച്ച കൊമരം ഭീം, സൂററ്റിൽ ഗാന്ധിയൻ ചിന്തകളുമായി സ്ത്രീസ്വാതന്ത്യത്തിനായി പ്രവർത്തിച്ച രാജ്യസ്നേഹി ഉഷ മേത്ത, ആധുനിക ഹിന്ദുസ്ഥാനി എഴുത്തുകാരൻ മുൻഷി പ്രേംചന്ദ്, കിട്ടൂർ റാണി എന്നപേരിൽ അറിയപ്പെടുന്ന റാണി ചെന്നമ്മ, തമിഴ്നാട്ടിലെ രാമനാഥപുരം ശിവഗംഗയിലെ റാണി എന്ന പേരിൽ പ്രശസ്തിനേടിയ റാണി വേലുനാച്ചിയാരുടെ പടയ്ക്കു നേതൃത്വം നൽകിയ കുയിലി, 19-ാം നൂറ്റാണ്ടിൽ വയനാട്ടിലെ കുറിച്യ സമുദായത്തിൽനിന്ന് പഴശിയുടെ മുഖ്യയുദ്ധപോരാളിയായ തലയ്ക്കൽ ചന്തു തുടങ്ങിയവരെയാണു കുട്ടികൾ അവതരിപ്പിക്കുകയെന്നു ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ പറഞ്ഞു. സിഎംഐ ദേവമാത പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് മാർട്ടീന ചാൾസ് മുഖ്യാതിഥിയായിരിക്കും.