അവകാശപ്പെട്ട അംഗീകാരം നൽകുന്നില്ല; കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധിച്ചു
1484694
Thursday, December 5, 2024 8:23 AM IST
തൃശൂർ: എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അവകാശപ്പെട്ട അംഗീകാരം നൽകാത്ത നടപടിയിൽ തൃശൂർ അതിരൂപത കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
കത്തോലിക്കാസഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിനിയമനത്തിനായി നാലുശതമാനം തസ്തികകൾ മാറ്റിവച്ചിട്ടും അതിൽ ഭിന്നശേഷിജീവനക്കാരെ കണ്ടെത്തി നിയമനം നടത്താൻ സർക്കാരിനു കഴിയാത്തതിന്റെ പേരിൽ, മറ്റു നിയമനങ്ങൾക്ക് അവകാശപ്പെട്ട അംഗീകാരം നൽകാത്ത നടപടിക്കെതിരേയാണ് പ്രതിഷേധം.
സർക്കാർ നടപടി നീതിക്കു നിരക്കുന്നതല്ലെന്ന് യോഗം വിലയിരുത്തി. ഈ നയം തുടർന്നുപോയാൽ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ഡയറക്ടർ ഫാ.വർഗീസ് കൂത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസീസ്, അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.