ഇ. രഘുനന്ദനൻ അന്തരിച്ചു
1484444
Wednesday, December 4, 2024 11:12 PM IST
കുന്നംകുളം: ബിജെപി തൃശൂർ ജില്ല മുൻ അധ്യക്ഷൻ ഇ. രഘുനന്ദനൻ (74) അന്തരിച്ചു. അർബുദബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അക്കിക്കാവ് ഇളയിടത്ത് കുടുംബാംഗമാണ്. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രമ രഘുനന്ദനനാണ് ഭാര്യ. മക്കൾ: പരേതനായ കണ്ണൻ. അഡ്വ. ലക്ഷ്മി. മരുമകൻ: അഡ്വ. ശ്യാംജിത്ത്.
മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുവരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് രഘുനന്ദനന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളജിന് കൈമാറും. കണ്ണുകൾ ഇന്നലെത്തന്നെ ദാനംചെയ്തിരുന്നു.
ദീർഘകാലം ബിജെപിയുടെ ജില്ലയിലെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജകമണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി ദേശീയ കൗണ്‍സിൽ അംഗം, ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയർമാൻ, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഇ. രഘുനന്ദനന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചിച്ചു. ബിജെപിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നു സുരേന്ദ്രൻ പറഞ്ഞു.