ഇരിങ്ങാലക്കുട നഗരസഭ: വാര്‍ഷികപദ്ധതി ഭേദഗതി: പ്രതിപക്ഷ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഭരണപക്ഷം
1484110
Tuesday, December 3, 2024 7:09 AM IST
ഇരിങ്ങാലക്കുട: 2024-25 വാര്‍ഷികപദ്ധതി ഭേദഗതിയില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഭരണപക്ഷം.
ടൈഡ്ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാര്‍ഡുകളിലേക്ക് തുല്യമായി വിഭജിച്ചുനല്‍കാനും ബൈപ്പാസ് ബ്രദര്‍ മിഷന് കണക്ടിംഗ് റോഡ് നിര്‍മാണത്തിനായി മാറ്റിവച്ച 50 ലക്ഷം രൂപ 10 ലക്ഷമായി കുറച്ച് ബാക്കിയുള്ള 40 ലക്ഷം രൂപയും 41 വാര്‍ഡുകളിലേക്കും തുല്യമായിനല്കാനും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചതായി നഗരസഭായോഗത്തില്‍ ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതേസമയം പ്രതിപക്ഷ കൗണ്സിലര്മാരുടേതടക്കമുള്ള വാര്‍ഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തനത് ഫണ്ടില്‍ നിന്നുള്ള തുകകൊണ്ടു നടത്താനുള്ള തീരുമാനം സിപിഎമ്മും ബിജെപിയും എതിര്‍ത്തുവെന്ന ചെയര്‍പേഴ്സന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമുയര്‍ന്നു.
കാര്യങ്ങള്‍ കൃത്യമായി നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ നേരത്തതന്നെ സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കേണ്ടതായിരുന്നുവെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്. വിജയ പറഞ്ഞു. റോഡ് നിര്‍മാണത്തിന് തങ്ങള്‍ എതിരല്ലെന്നും പ്ലാന്ഫണ്ടില്വച്ച് റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ ആവശ്യപ്പെട്ടു.
റോഡുകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടിയ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ ഭരണപരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദാലത്തില്‍ പരാതിനല്‍കിയതിന് ശേഷമാണ് കരാറുകാരനായ റോജോവിന് ബില്‍ പാസായതെന്നും ടി.കെ. ഷാജുട്ടന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലെ പദ്ധതിച്ചെലവില്‍ ഇരിങ്ങാലക്കുട നഗരസഭ പുറകിലാണെന്നും കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് 90% പദ്ധതി ഫണ്ടും ചെലവഴിക്കാന്‍ കഴിഞ്ഞതായും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് പറഞ്ഞു.
പൊറത്തിശേരി മേഖല അവഗണനനേരിടുകയാണെന്നു എല്‍ഡിഫ് അംഗം കെ. പ്രവീണ്‍ പറഞ്ഞു. ഇത് സിപിഎമ്മിന്റെ ഭരണംപിടിക്കാനുള്ള തന്ത്രമായിരുന്നുവെന്നു വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ പറഞ്ഞു. ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ കള്ളസത്യവാങ്മൂലംനല്കി ഫിഷ് മാര്‍ക്കറ്റിലെ സാധാരണക്കാരായ കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് എന്തുനേടിയെന്നും ഭരണപക്ഷം വ്യക്തമാക്കണമെന്ന് സന്തോഷ് ബോബന് ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.