പരാതികൾക്കു പരിഹാരങ്ങളില്ല; ദുരിതം അനുഭവിക്കാൻതന്നെ ജനങ്ങൾക്കു വിധി
1466200
Sunday, November 3, 2024 7:09 AM IST
കൊരട്ടി: ദേശീയപാതയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന കൊരട്ടിയിലും മുരിങ്ങൂരിലും ചിറങ്ങരയിലും സർവത്ര വെള്ളക്കെട്ടാണ്. ഇതുമൂലം മൂന്നിടങ്ങളിലും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യാതൊരു മുന്നൊരുക്കങ്ങളില്ലാതെ നാഷണൽ ഹൈവേ അഥോറിറ്റിയും നിർമാണ കമ്പനികളും പുലർത്തുന്ന നിസംഗതയുടെ ദുരിതം പേറേണ്ട ഗതികേടിലാണ് പൊതുജനം.
പ്രാദേശിക വികാരങ്ങളും സാഹചര്യങ്ങളും മനസിലാക്കാതെയുള്ള നിർമാണ പ്രവൃത്തികളാണ് മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. അടിപ്പാത / മേൽപ്പാലം നിർമാണങ്ങളുടെ ഭാഗമായി ബദൽ റോഡിന്റേയും ഡ്രൈയിനേജുകളുടെയും പണികളാണ് പുരോഗമിക്കുന്നത്.
കൊരട്ടിയുടെ വിവിധയിടങ്ങളിൽ നിന്നും ജംഗ്ഷനിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ അളവ് ചെറുതല്ല.
യാതൊരു ദീർഘ വീക്ഷണവും ഇല്ലാത്ത നിർമാണ പ്രവർത്തികളാണ് കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലയിൽ നടക്കുന്നത്. പ്രദേശവാസികളടെ പരാതികൾക്കും പരിദേവനങ്ങൾക്കും യാതൊരു പരിഗണനയുമില്ലാതെ ദേശീയപാത അധികൃതരും കരാർ കമ്പനിയും നടത്തുന്ന നിർമാണങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്.
ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാതെ കൃത്യമായ ആസൂത്രണമില്ലാതെ നിർമാണ പ്രവൃത്തികൾ തുടരാനാണ് ഭാവമെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് അറിയിച്ച് സേവ് കൊരട്ടി, മർച്ചന്റ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.