കുടിശിക ഒന്നരക്കോടി; പമ്പ് സ്ഥാപിച്ചില്ലെങ്കിൽ നിലം തരിശിടും; പാടശേഖരസമിതികൾ
1460264
Thursday, October 10, 2024 8:21 AM IST
പുന്നയൂർക്കുളം: പൊന്നാനി കോൾ പദ്ധതി പ്രഖ്യാപിച്ചിട്ട് നാലുവർഷം, ആവശ്യമായത് 76 പമ്പ് സെറ്റ്. സ്ഥാപിച്ചത് 30 എണ്ണം ശേഷിച്ച 46 എണ്ണം സ്ഥാപിക്കണമെങ്കിൽ ഒന്നരക്കോടി രൂപയുടെ കുടിശിക തീർക്കണം. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി തവനൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന പൊന്നാനി കോൾ മേഖലയിലേക്കു നെൽകൃഷിക്കായി 76 സബ്മേഴ്സിബിൾ പമ്പ്സെറ്റുകൾ സ്ഥാപിക്കുമെന്നായിരുന്നു നാലുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 30 എണ്ണമാണു സ്ഥാപിച്ചത്. ശേഷിച്ച 46 പമ്പ്സെറ്റുകൾ 10 ദിവസത്തിനകം സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പൊന്നാനി കോൾ വികസന യോഗം നിർദേശം നൽകിയിരുന്നെങ്കില്ലും നടപ്പാക്കാൻ സാധ്യതയില്ലെന്നാണു സൂചന.
നേരത്തെ പമ്പ്സെറ്റ് സ്ഥാപിച്ച വകയിൽ 1.50 കോടി രൂപ കമ്പനിക്കു നൽകാനുണ്ട്. പമ്പ്സെറ്റ് കിട്ടിയില്ലെങ്കിൽ നിലം തരിശിടുവാനാണ് 15 പാടശേഖര സമിതികളുടെ തീരുമാനം. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണു പാടശേഖരങ്ങൾക്ക് പമ്പ് അനുവദിച്ചത്. കുറഞ്ഞ വൈദ്യുതി ചെലവിൽ വെള്ളം എത്തും സീസൺ കഴിഞ്ഞാൽ അഴിച്ചുമാറ്റേണ്ടതില്ല. തുടങ്ങിയ സൗകര്യമുള്ളതാണ് സബ്മേഴ്സിബിൾ പമ്പുസെറ്റുകൾ. 20, 30, 50, 60 എച്ച്പിയുടെ പമ്പുകളാണു സ്ഥാപിക്കേണ്ടത്.
പദ്ധതി തുടങ്ങി നാലു വർഷം കഴിഞ്ഞിട്ടും പലയിടത്തും പമ്പ് നൽകിയില്ല. പല കാരണങ്ങൾ പറഞ്ഞ് പമ്പ് നൽകുന്നില്ല പടവു കമ്മിറ്റിക്കാർ പറയുന്നു. ഇതിനിടയിലാണ് 10 ദിവസത്തിനകം പമ്പ്സെറ്റ് സ്ഥാപിക്കാൻ പൊന്നാനി കോൾവികസന സമിതിയുടെ നിർദേശം അപ്പോഴാണ് കുടിശിക വില്ലനായാത്. നിലം തരിശിടുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണു പടവു കമ്മിറ്റിയുടെ ആവശ്യം.