ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സമഗ്രസംഭാവന പുരസ്കാരം സദനം കൃഷ്ണന്‍കുട്ടിക്ക്
1460043
Wednesday, October 9, 2024 8:36 AM IST
ഇരിങ്ങാലക്കുട: സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാര്‍ഷിക കഥകളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനപുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്ക്.
കലാമണ്ഡലം ബാലസുബ്രഹ്മണ്യന് (വേഷം), പത്തിയൂര്‍ ശങ്കരന്‍കുട്ടി (സംഗീതം), സദനം ഗോപാലകൃഷ്ണന് (ചെണ്ട), സദനം രാജഗോപാലന്‍ (മദ്ദളം), കലാമണ്ഡലം സതീശന് (ചുട്ടി), ഊരകം നാരായണന്‍നായര്‍ (അണിയറ) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. കൂടാതെ ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കഥകളിഗായകന് കോട്ടയ്ക്കല്‍ മധുവിനും പി. ബാലകൃഷ്ണന് സ്മാരക കഥകളി എൻഡോവ്മെന്റ് കേരള കലാമണ്ഡലത്തിലെ വടക്കന്‍ചിട്ട വേഷവിഭാഗം വിദ്യാര്‍ഥി ആര്. ആദിത്യനും നല്‍കും.
പുരസ്കാരങ്ങള്‍ ജനുവരി 12നു നടക്കുന്ന സുവര്‍ണജൂബിലി സമാപനസമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി, സെക്രട്ടറി രമേശന് നമ്പീശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ റഷീദ് കാറളം, ടി.എന്‍. കൃഷ്ണദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.