ജനകീയ ഇടപെടലുകളിലൂടെയുള്ള വികസനപ്രവർത്തനങ്ങൾ മാതൃക: മന്ത്രി
1459550
Monday, October 7, 2024 7:19 AM IST
കയ്പമംഗലം: ജനകീയ ഇടപെടലുകളിലൂടെയുള്ള വികസനപ്രവർത്തനങ്ങൾ മാതൃകയാണെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. മതിലകം ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ 61-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയക്കൂട്ടായ്മയും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ കാലതാമസം ഇല്ലാതെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. ക്ലാസ് മുറി, വരാന്ത, അടുക്കള, ടോയ്ലറ്റ്, ചുറ്റുമതിൽ, മുറ്റം ടൈൽ വിരിക്കൽ എന്നീ പണികൾ ഉൾപ്പെടുത്തി ആധുനിക രീതിയിലാണു കെട്ടിടത്തിന്റെ നിർമാണം. ഇതോടൊപ്പംഅങ്കണവാടി കെട്ടിടത്തിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെയും ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനവും നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ സോളാർ പ്ലാന്റിന്റെ സ്വിച്ച്ഓൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. മതിലകം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.കെ. വിദ്യ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു,
വാർഡ് മെമ്പർ ഇ.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ ഹരിലാൽ, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്സ ഒഫൂർ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.