പുത്തൂർ കായൽ ടൂറിസം: ഡിപിആർ വിപുലീകരിക്കും
1458683
Thursday, October 3, 2024 6:34 AM IST
പുത്തൂർ: ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാരമേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ഥ്യമാവുന്നു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജന്റെയും ടൂറിസം അഡീഷണൽ ഡയറക്ടര്‍ വിഷ്ണുരാജിന്റെയും നേതൃത്വത്തില്‍ വിനോദസഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന്‍കെട്ട് ഡാം, കെഎഫ്ആര്‍ഐ, കേരള കാര്‍ഷിക സര്‍വകലാശാല, കച്ചിത്തോട് ഡാം എന്നിവ കൂട്ടിയിണക്കിയാണ് ടൂറിസ്റ്റ് കോറിഡോര്‍ ഒരുങ്ങുന്നത്. ഇതില്‍ പുത്തൂര്‍ കായലിനായി തയാറാക്കിയ വിശദ പദ്ധതിരേഖയില്‍ വിവിധ വകുപ്പുകളുടെ ഭാഗമായി ലഭ്യമായ തുക ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
വിവിധ വകുപ്പുകളെ കൂട്ടിച്ചേര്‍ത്തു വിപുലമായ പദ്ധതി തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി, മൃഗസംരക്ഷണം, ജലസേചനം, തദ്ദേശം, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് പ്രത്യേക യോഗം ചേരും.