വടംവലി മത്സരത്തിലെ തർക്കം: ഒരാൾക്ക് കുത്തേറ്റു, മൂന്നുപേർക്കു പരിക്ക്
1454252
Thursday, September 19, 2024 1:42 AM IST
ചിറ്റാട്ടുകര: വാഴപ്പിലാത്ത് ക്ഷേത്രത്തിനു സമീപം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. മൂന്ന് പേർക്ക് അടിയേറ്റു പരുക്കുണ്ട്. എളവള്ളി പാറ സ്വദേശി പറങ്ങനാട്ട് ഷിദിനാണ് (24) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പറങ്ങനാട്ട് ആയുഷ് (17), ചെന്തിരുത്തി വിമൽ (23), എളവള്ളി സ്വദേശി ആദിത്യൻ എന്നിവർക്കാണ് അടിയേറ്റത്. എല്ലാവരെയും അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദിത്യൻ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിവിട്ടു. സംഭവത്തെത്തുടർന്ന് ചിറ്റാട്ടുകര കാക്കശേരി കോതപുരം വീട്ടിൽ ശ്രേയസ് (23), എളവള്ളി പടിഞ്ഞാറെ പുരയ്ക്കൽ അക്ഷയ് (19) എന്നിവരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ്. കണ്ടാലറിയാവുന്ന 11 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് .
കഴിഞ്ഞ ദിവസം വൈകീട്ട് വടംവലി മത്സരത്തിൽ എളവള്ളി പാറ ടീമും കാക്കശേരി ഡി ബ്രദേഴ്സ് ടീമും തമ്മിൽ മത്സരിക്കുന്നതിനിടെ ടീമുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ടീമുകൾ മത്സരശേഷം തിരിച്ചു പോകുന്നതിനിടെയായിരുന്നു ആക്രമണം. പുറത്ത് കുത്തേറ്റ ഹർഷിദ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.