തൊഴിലാളിയെ വെടിവച്ചു കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ
1444690
Wednesday, August 14, 2024 1:10 AM IST
പാവറട്ടി: അസം സ്വദേശിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ. പൊന്നറമ്പിൽ രാജേഷിനെ (40) യാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് അതിഥിത്തൊഴിലാളിയായ മഹീബുൾ ഇസ്ലാമിനെയാണ് (28) ഇയാൾ വയറിൽ വെടി വെച്ചത്. മാരകമായി പരിക്കേറ്റ മഹീബുളിന്റെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
സംഭവശേഷം പ്രതി ഒളിവിലായിരുന്നു. ഹൈക്കോടതിയിലടക്കം മുൻകൂർ ജാമ്യാപേക്ഷയും നൽകി. എന്നാൽ ഹർജി തള്ളിയതോടെ കോടതിയിൽ കീഴടങ്ങി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. രാജേഷിന്റെ വീടിനടുത്ത് മണലെടുക്കാൻ വന്ന അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം നടന്നു. ബഹളം കേട്ട് എത്തിയ രാജേഷ് മലയാളത്തിൽ ചീത്ത വിളിച്ചു. ഏഴ് വർഷമായി കേരളത്തിലുള്ള മഹീബുൾ തിരിച്ചും മലയാളത്തിൽ ചീത്ത വിളിച്ചു. ഇതോടെ വീട്ടിൽ പോയി എയർഗണുമായി എത്തിയ രാജേഷ് വെടിയുതിർക്കുകയായിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. എസ്ഐ ഒ.വി. വിനോദ്, എഎസ്ഐ എൻ.ജി. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലമായ വേട്ടങ്കര കടവ്, തോക്ക് ഒളിപ്പിച്ചുവച്ച മുപ്പട്ടിത്തറ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.