കേരള ക്രിക്കറ്റ് ലീഗ്: വരുണ്‍ നായനാരെ 7.2 ലക്ഷത്തിനു സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്
1444009
Sunday, August 11, 2024 6:49 AM IST
തൃശൂർ: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ വരുണ്‍ നായനാരെ 7.2 ലക്ഷം രൂപയ്ക്കു സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്തു നടന്ന താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. കണ്ണൂർ സ്വദേശിയായ വരുണ്‍ 14-ാം വയസുമുതൽ കേരള ടീമിനുവേണ്ടി കളിക്കുന്നുണ്ട്.
കേരളത്തിന്റെ അണ്ടർ 19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽതന്നെ ഇരട്ട സെഞ്ചുറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിനു സ്വന്തമാണ്. കുച്ച്ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിനുവേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടർന്ന് വിവിധ ടൂർണമെന്റുകൾ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടർ 19 ടീമിലും ഇടംനേടിയിരുന്നു.
മുംബൈ ഇന്ത്യൻസ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂർ ടൈറ്റൻസിന്റെ ഐക്കണ്‍ സ്റ്റാർ. ടി20 ക്രിക്കറ്റ് ലീഗിൽ കരുത്തുറ്റ ടീമിനെയാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴു ബാറ്റർമാർ, മൂന്ന് ഓൾറൗണ്ടർമാർ, നാല് ഫാസ്റ്റ് ബൗളർമാർ, മൂന്ന് സ്പിന്നർമാർ ഉൾപ്പെടുന്നതാണ് തൃശൂർ ടൈറ്റൻസ് ടീം.