വയനാടിന്റെ കണ്ണീരൊപ്പാന്‍ ക്രൈസ്റ്റിന്റെ "തവനീഷ്'
1441522
Saturday, August 3, 2024 1:06 AM IST
ഇരിങ്ങാലക്കുട: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച വയനാട്ടിലേക്ക് സഹായഹസ്തങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും "തവനീഷ്' വിവിധ ഭാഗങ്ങളില്‍നിന്ന് സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം പുറപ്പെട്ടു. വാഹനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ക്രൈസ്റ്റ് കോളജിലെ സാമൂഹ്യസേവന സംഘടനയാ യ തവനീഷിനൊപ്പം തവനീഷ് ഓള്‍ഡ് വോളന്റിയര്‍ അസോസിയേഷനും എന്‍എസ്എസും പങ്കുചേര്‍ന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
തവനീഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ അസി. പ്രഫസര്‍ മൂവിഷ് മുരളി, അസി. പ്രഫസര്‍മാരായ റീജ യൂജിന്‍, വി.ബി. പ്രിയ, തൗഫീഖ് അന്‍സാരി, എന്‍എസ്എസ് കോ-ഒാര്‍ഡിനേറ്റര്‍ വി.പി. ഷിന്റോ, ഇംഗ്ലീഷ് അധ്യാപകന് ബിബിന്‍ തോമസ്, ഫിസിക്സ് അധ്യാപകന് അജിത് എന്നിവർ സന്നിഹിതരായിരുന്നു. രണ്ടു വീടുകള്‍ നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചു.
മൂന്നുമാസത്തെ പെന്‍ഷന്‍തുക
ദുരിതാശ്വാസനിധിയിലേക്ക്
ഇരിങ്ങാലക്കുട: വയനാട് ദുരന്തസാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു പങ്കാളിത്തപെന്ഷനില്നിന്നും ലഭിക്കുന്ന മൂന്നുമാസത്തെ പെന്‍ഷന്‍തുക ഇരിങ്ങാലക്കുട സ്വദേശി ജോസ് മാമ്പിള്ളി നല്കി. മന്ത്രി ഡോ. ആര്. ബിന്ദുവിനു ചെക്ക് കൈമാറി.
കൈത്താങ്ങുമായി അഗസ്റ്റിൻചേട്ടനും
വെള്ളാങ്കല്ലൂർ: വയനാടിന് കൈത്താങ്ങായി കൊറ്റനല്ലൂർ സ്വദേശി എടപ്പിള്ളി വീട്ടിൽ ഇ.ഡി. അഗസ്റ്റിൻ. പത്രവിതരണ ഏജന്റായി ജോലിചെയ്യുന്ന അറുപത്തിമൂന്നുകാരനായ അഗസ്റ്റിൻ ചേട്ടന് ചെറുപ്പം മുതലേ കേൾവിക്കു തകരാറുണ്ട്. സർക്കാരിന്റെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പെൻഷൻ, സഹായവും ഒരു ആശ്വാസമാണ്. മൂന്നുമാസത്തെ പെൻഷൻതുകയായ 4800 രൂപയാണ് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്കായി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപിനു കൈമാറിയത്.