തോരാമഴ; തുടരുന്ന ദുരിതം
1440936
Thursday, August 1, 2024 2:28 AM IST
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഞെട്ടി പുത്തൂർ നിവാസികൾ
പുത്തൂർ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ ഞെട്ടലിലാണ് പുത്തൂർ നിവാസികൾ. കനത്ത മഴയും പീച്ചി ഡാമിൽ ഒറ്റദിവസംതന്നെ വെള്ളം വൻതോതിൽ ഒഴുക്കിവിട്ടതുമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
മുന്നറിയിപ്പ് ഇല്ലാതിരുന്നതിനാൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും സാധനങ്ങൾ വെള്ളത്തിൽ മുങ്ങി. മണലിപ്പുഴയിൽ വെള്ളം ഉയർന്നതോടെ പുത്തൂർ, കൈനൂർ പ്രദേശവാസികളാണ് ദുരിതത്തിലായത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പുത്തൂർ കാലടി കുന്നംകാട്ടുകരയിൽ 200 ഓളം വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. കൈനൂരിലെ 500ഓളം വീടുകളാണ് വെള്ളത്തിലായത്. പുഴയോരം ഗാർഡൻ റോഡ്, ഇരവിമംഗലം, പുഴമ്പള്ളം, മണ്ണാവ് എന്നിവിടങ്ങളിലും പുഴ കവിഞ്ഞെത്തിയ വെള്ളം കനത്ത നാശമാണ് വിതച്ചത്. പുത്തൂർ പഞ്ചായത്തിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി 1200ഓളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
പുത്തൂർ ഗവ. എൽപി സ്കൂൾ, കൈനൂർ ക്ഷേത്രം ഹാൾ, മരത്താക്കര സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.
പുത്തൂർ ഗവ. എൽപി സ്കൂളിലെ ക്യാമ്പ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഇല്ലിക്കൽ റെഗുലേറ്റർ മന്ത്രി സന്ദർശിച്ചു:
രോഷാകുലരായി നാട്ടുകാർ
ചേർപ്പ്: കരുവന്നൂര്‍ പുഴയ്ക്കു കുറുകെയുള്ള ഇല്ലിക്കൽ ഡാം പ്രദേശം മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു.
ജലമൊഴുക്കിനു തടസമായിനിൽക്കുന്ന ഇല്ലിക്കൽ ഡാമിലെ ചണ്ടിയും കുളവാഴകളും ക്രെയിൻ ഉപയോഗിച്ച് നീക്കംചെയ്യാൻ തുടങ്ങി. റെഗുലേറ്ററുകളിലെ ഷട്ടറുകൾ പൂർണമായി ഉയർത്താൻ വിവിധ ഉദ്യോഗസ്ഥർക്കു നിർദേശംനൽകിയതായും മന്ത്രി പറഞ്ഞു. ഇല്ലിക്കൽ ഡാം ഷട്ടറുകളും മാലിന്യങ്ങളും യഥാസമയങ്ങളിൽ നീക്കാത്തതിനെതുടർന്ന് ഇറിഗേഷൻ ഉദ്യേഗസ്ഥർക്കും ജനപ്രതിനിധികൾക്കുംനേരെ നാട്ടുകാർ രോഷകുലരായി.
ഇല്ലിക്കൽ ഷട്ടറുകൾക്കു ശാസ്ത്രീയമായി സുരക്ഷാസംരക്ഷണങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ഇറിഗേഷൻവിഭാഗം ഉദ്യോഗസ്ഥരോട് നിരവധിതവണ ആവശ്യപ്പെട്ടിട്ടും നിരുത്തരവാദപരമായി മറുപടിയാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ചേർപ്പ് പഞ്ചായത്ത് മുൻ അംഗം കെ.ആർ. സിദ്ധാർഥൻ ആരോപിച്ചു.
മുൻപ് ചണ്ടിയും കുളവാഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന ഡാമും പ്രദേശങ്ങളും വൃത്തിയാക്കാനും അധികൃതർ തുനിയാത്തതും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.