ഉന്നതവിദ്യാഭ്യാസരംഗത്ത് നാലുവര്‍ഷത്തിനുള്ളില്‍ വിന്യസിച്ചത് 6,000 കോടി: മന്ത്രി ഡോ. ആര്. ബിന്ദു
1425202
Monday, May 27, 2024 1:17 AM IST
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത് ആറായിരം കോടി രൂപയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കണോമിക് റിവ്യൂ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രക്ഷിതാ ക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന പരിശീലന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കലാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ ഏജന്‍സികളില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നുമായി 1500 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഭൗതിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പഠനകാലത്തുതന്നെ തൊഴില്‍ ആഭിമുഖ്യം വളര്‍ത്തിയെടുക്കാനും ഗവേഷണ തല്പരരായ വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള സാഹചര്യങ്ങള്‍ രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമെന്ന് മന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക് സയന്‍സിന്റെയും കാലത്ത് ഉയരുന്ന വെല്ലുവിളികള്‍ നേരിടാനും വിജ്ഞാനാധിഷ്ഠിത തൊഴിലുകള്‍ നേടാനും വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനുപോകുന്ന വിദ്യാര്‍ഥികള്‍ക്കു നാലുവര്‍ഷത്തെ ബിരുദ കോഴ്സ് അനിവാര്യമാണ്.
രാജ്യത്തെ കോളജുകളുടെ ഗുണമേന്മ നിര്‍ണയിക്കുന്ന നിര്‍ഫ് റാങ്കിംഗില്‍ ആദ്യത്തെ ഇരുന്നൂറ് കോളജുകളില്‍ 42 എണ്ണവും കേരളത്തില്‍ നിന്നാണെന്നുള്ളതു നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഡോ. സി.എല്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര് ന്നു. കെഎസ്എച്ച്ഇസി റിസര്‍ച്ച് ഓഫീസര്‍ ഡോ. കെ. സുധീന്ദ്രന്‍ സ്വാഗതവും ഐക്യുഎസി കോ-ഒാര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു നന്ദിയും പറഞ്ഞു.