വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ
1423554
Sunday, May 19, 2024 7:16 AM IST
തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാറളം സ്വദേശിനിയായ 27കാരിയാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണു സംഭവം.
പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ബന്ധുകൾ അറിയിച്ചതിനെതുടർന്നു കൺട്രോൾ റൂമിൽനിന്ന് അത്യാഹിതസന്ദേശം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ബിബിൻ ഡാനിയേൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.പി. പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി.
തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രശാന്ത് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടിബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്കു മാറ്റി. ഇരുവരെയും ആംബുലൻസ് പൈലറ്റ് ബിബിൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.