മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബന്ധുവായ യുവാവ് അറസ്റ്റിൽ
1423550
Sunday, May 19, 2024 7:15 AM IST
കൊരട്ടി: മുൻ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സിന്ധു ജയരാജിന്റെ വീടിനു നേരെ ആക്രമണം. വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറും തല്ലിത്തകർത്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി പോലീസ് സിന്ധുവിന്റെ ബന്ധുവായ കോനൂർ സ്വദേശി പള്ളിപ്പറമ്പിൽ ഗല്ലറ്റിന്റെ മകൻ അശ്വിനെ(20) കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപ തോടെയായിരുന്നു സംഭവം. വെട്ടുകത്തിയുമായി സിന്ധുവിന്റെ വീട്ടിലെത്തി ബഹളംവച്ച അശ്വിൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവത്രേ.
സിന്ധുവിനെ മകന്റെ ഒന്നരവയസുള്ള കുഞ്ഞിനെ ഉറക്കുന്നതിനിടെ അസഭ്യവർഷം ചൊരിഞ്ഞ അശ്വിനോട് ജനൽപാളി തുറന്ന് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും വെട്ടുകത്തി കൊണ്ട് ജനലുകളുടെ ചില്ലുകൾ അടിച്ചുതകർക്കുകയുമായിരുന്നു. തുടർന്ന് മുറ്റത്തു പാർക്ക് ചെയ്ത കാറിന്റെ ചില്ലുകളും മറ്റും വെട്ടുകത്തികൊണ്ട് അടിച്ചുപൊളിച്ചു. അര മണിക്കുറിലേറെ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഈ സമയം സിന്ധുവിന്റെ മകനും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തുപോകാൻ അനുവദിച്ചില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും നാട്ടിലെ സ്ഥിരം പ്രശ്നക്കാരനുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മറ്റുള്ളവരുമായി അടിപിടികളും തർക്കങ്ങളും ഉണ്ടാകുമ്പോൾ ഒത്തുതീർപ്പുകളുമായി അടുത്ത ബന്ധുക്കളെത്തും.
എന്നാൽ താൻ ഗ്രാമപഞ്ചായത്ത് അംഗമായ കാലഘട്ടത്തിൽ ഇത്തരം അനുരഞ്ജനങ്ങൾക്ക് മധ്യസ്ഥയാകാൻ തയാറാകാത്തതിലുള്ള വൈരാഗ്യമായിരിക്കാം നിലവിലെ സംഭവത്തിനു കാരണമെന്നാണ് സിന്ധു പറയുന്നത്. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ അശ്വിനെ റിമാൻഡ് ചെയ്തു.