പൂരത്തിനു ഡ്രോണുകൾ പറത്തിയാൽ പണികിട്ടും !!
1417270
Friday, April 19, 2024 12:40 AM IST
തൃശൂർ: പൂരത്തിനു ഡ്രോണുകളും ഹെലികാമുകളും നിരോധിച്ച ഉത്തരവു ലംഘിച്ച് സാന്പിൾ വെടിക്കെട്ടുസമയത്തു ഹെലികാമുകൾ പറന്നതോടെ നടപടി കടുപ്പിച്ചു പോലീസ്.
സർക്കാരിന്റെയോ പോലീസിന്റെയോ മുൻകൂർഅനുമതി വാങ്ങാതെ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനും കേരള പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് വിഭാഗം വികസിപ്പിച്ച ആന്റി ഡ്രോണ്‍ മൊബൈൽ വാഹനമാണ് തൃശൂർ നഗരത്തിലെത്തിച്ചത്.
ഇതുപയോഗിച്ച് മൂന്നു കിലോമീറ്റർ പരിധിയിൽ വരുന്ന ഹെലികാമുകളെ കണ്ടെത്താനും അരക്കിലോമീറ്റർ പരിധിയിലെത്തുന്പോൾ നിർവീര്യമാക്കി നിലത്തിറക്കാനും കഴിയും. എവിടെയിരുന്നാണു ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതെന്നു കണ്ടെത്താനും കണ്ട്രോൾ സംവിധാനവുമായുള്ള ബന്ധം വിച്ഛേദിക്കാനും സാധിക്കും. സിവിൽ ഏവിയേഷൻ നിയമപ്രകാരം അനുമതിയില്ലതെ ഡ്രോണുകളും മറ്റും പറത്തിയാൽ ഒരുലക്ഷം രൂപവരെ പിഴചുമത്തുമെന്നും പോലീസ് വകുപ്പുകൾ അനുസരിച്ചു കേസെടുക്കുമെന്നും തൃശൂർ എസിപി കെ. സുദർശൻ പറഞ്ഞു.
പൂരത്തിനു മുന്നോടിയായി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ഇറക്കിയ പ്രത്യേക ഉത്തരവിൽ ഡ്രോണുകൾ നിരോധിച്ചെങ്കിലും തേക്കിൻകാട് മൈതാനിയിൽ ആറിലേറെ ഡ്രോണുകളാണു പറന്നത്. ഇതിൽ ഒരെണ്ണം നിയന്ത്രിച്ച ആളെമാത്രമാണു കണ്ടെത്താൻ കഴിഞ്ഞത്.
സിറ്റി പോലീസിന്റെ എക്സ്റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റവും പൂരത്തിനോടനുബന്ധിച്ചു പ്രവർത്തിക്കും. സംശയകരമായ രീതിയിൽ കണ്ടെത്തുന്ന വസ്തുക്കൾ സ്കാൻ ചെയ്യാനും ഉള്ളിലുള്ള വസ്തുക്കൾ തിരിച്ചറിയാനും കഴിയും.
നിലവിൽ മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സമാനസംവിധാനമാണു ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റത്തിലും പ്രവർത്തിക്കുക. ബാഗിനുള്ളിൽ എന്തൊക്കെയുണ്ടെന്നു കളർകോഡിലൂടെയാണു കണ്ടെത്തുന്നത്.
സ്ഫോടകവസ്തുക്കൾ മുതൽ നിരോധിത ലഹരിയുത്പന്നങ്ങൾവരെ തിരിച്ചറിയാൻ കഴിയുമെന്നു പോലീസ് പറഞ്ഞു.