േമളം കൊഴുപ്പിക്കാൻ വീണ്ടും പെരുവനവും പരയ്ക്കാടും
1417267
Friday, April 19, 2024 12:40 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇടവേളയ്ക്കുശേഷം തൃശൂർ പൂരത്തിന് ആവേശമാകാൻ പെരുവനം കുട്ടൻമാരാരും പരയ്ക്കാടു തങ്കപ്പൻമാരാരും എത്തും. ഘടകപൂരമായ ചൂരക്കോട്ടുകാവിന്റെ പ്രമാണിയായിട്ടാണ് ഇക്കുറി പെരുവനം എത്തുന്നത്. അയ്യന്തോളിന്റെ പ്രമാണിയായിട്ടാണു പരയ്ക്കാട് എത്തുക.
കാൽനൂറ്റാണ്ടോളം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായിരുന്നു പെരുവനം. കഴിഞ്ഞവർഷമാണ് അതിനു മാറ്റമുണ്ടായത്. തുടർന്നു കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായി. ഇക്കുറി ചൂരക്കോട്ടുകാവ് പെരുവനത്തെ ക്ഷണിക്കുകയായിരുന്നു. രാത്രിപ്പൂരത്തിനാകും അദ്ദേഹം നേതൃസ്ഥാനത്ത് എത്തുക. 10 മുതൽ 13 വരെയാണു രാത്രിപ്പൂരം. പാറമേക്കാവ് പഞ്ചവാദ്യത്തിന്റെ പ്രാമാണ്യത്തിൽനിന്നു തങ്കപ്പൻമാരാർ കഴിഞ്ഞവർഷംതന്നെയാണ് ഒഴിവായത്. ഇക്കുറി അയ്യന്തോളിന്റെ പകൽപ്പൂരത്തിനു തങ്കപ്പൻമാരാരാകും നായകൻ.
രാവിലെ 10 മുതൽ 12 വരെയാണു പഞ്ചവാദ്യം. പാറമേക്കാവിന്റെയും തിരുവന്പാടിയുടെയും മേളപ്രമാണിമാർക്ക് ഇക്കുറിയും മാറ്റമില്ല. ഇലഞ്ഞിത്തറ മേളത്തിനു കിഴക്കൂട്ട് അനിയൻമാരാരും പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പൻമാരാരും നായകത്വം വഹിക്കും. തിരുവന്പാടിയുടെ മഠത്തിൽവരവിനു കോങ്ങാട് മധുതന്നെയാണു പ്രമാണി. ഏഴാം തവണയാണു മധു പ്രാമാണ്യത്തിലെത്തുന്നത്. 2017ൽ ആണ് അദ്ദേഹം മഠത്തിൽവരവിന്റെ നായകനായത്.
കലാമണ്ഡലത്തിലെ അധ്യാപകവേഷം അഴിച്ചുവച്ചായിരുന്നു മേളത്തിനെത്തിയത്. പാറമേക്കാവിന്റെയും തിരുവന്പാടിയുടെയും മേളനിരയിൽ പതിവുമുഖങ്ങളായിരുന്ന പലരും ഇക്കുറിയില്ല. ചെറുശേരി കുട്ടൻ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, പെരുവനം ശങ്കരനാരായണൻ എന്നിവരുണ്ടാകില്ല.