ചെപ്പാറയിൽ ടൂറിസം വികസനത്തിന്റെ പേരിൽ തട്ടിപ്പ്: കോൺഗ്രസ്
1374325
Wednesday, November 29, 2023 2:26 AM IST
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിലെ ചെപ്പാറയിൽ നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി എട്ടുകോടിരൂപ ചെലവിൽ വഴിയോര വിശ്രമകേന്ദ്രം എന്നപേരിൽ നിർമിക്കുന്ന കെട്ടിടം വൻ അഴിമതിയാണെന്ന് കോൺഗ്രസ്. നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് വനഭൂമിയിൽ കെട്ടിട നിർമാണം.
കെട്ടിടം നിർമിച്ചതിനുശേഷം സിപിഎം നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം സൊസൈറ്റിക്ക് നൽകുകയാണ് ലക്ഷ്യം. അടുത്തകാലത്ത് സിപിഎം തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘത്തിന് കൈമാറുകവഴി സർക്കാർ പണംമുടക്കി നിർമിച്ച കെട്ടിടം സ്വന്തമാക്കുകയാണ് സിപിഎമ്മിന്റെ ഗൂഢനീക്കം.
ഈ തട്ടിപ്പിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് സ്ഥലം സന്ദർശിച്ച ഡിസിസി സെക്രട്ടറിമാരായ കെ. അജിത്കുമാർ, ജിജോ കുര്യൻ, ഷാഹിത റഹ്മാൻ, പി.ജെ. രാജു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പുത്തൂർ, തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, പി.ടി. മണികണ്ഠൻ, ലീന ജെറി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജേക്കബ് എന്നിവർ പറഞ്ഞു.
കോൺഗ്രസ് പിന്മാറി
വടക്കാഞ്ചേരി: ചെപ്പാറ സംരക്ഷണസമിതിയിൽനിന്ന് കോൺഗ്രസ് പ്രതിനിധികളെ പിൻവലിച്ചതായി കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി. സമിതിയുടെ പേരിൽ സിപിഎം നടത്തുന്ന ഗുണ്ടായിസത്തിന് കുടപിടിക്കാൻ കോൺഗ്രസിനെ കിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു തടയിടാനെന്ന പേരിലാണ് സമിതി രൂപീകരിച്ചത്.
സമിതിയോഗത്തിനുശേഷം സിപിഎം പ്രവർത്തകർ ചെപ്പാറ സ്വദേശി വടക്കേടത്ത് ചിറയിൽ ജോബിയുടെ കൈവശത്തിലുള്ള ഭൂമി കെെയേറുകയും ജോബിയെയും കുടുംബാംഗങ്ങളെയും മർദിക്കുകയും ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു.
കുടിയേറ്റക്കാരെ കെെയേറ്റക്കാരായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്നും മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരൻ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് എ.ആർ. കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.