തൃശൂർ: ഗാന്ധിജയന്തിദിനത്തില്‍ കോര്പറേഷന് ശുചീകരണ തൊഴിലാളികളും അതിരൂപത ഡിബിസിഎല്‍സി യുടെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവക യൂണിറ്റുകളില്‍ നിന്ന് 2000 യുവ വിദ്യാര്‍ഥികളും സംയുക്തമായി മെഗാ ക്ലീനിംഗ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30ന് സെന്റ് തോമസ് കോളജ് കോമ്പൗണ്ടില്‍ നിന്നും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാമൂഹ്യ പ്രതിബന്ധതാ സന്ദേശ റാലിയ്ക്ക് ടി.എന്‍. പ്രതാപന് എംപി ഫ്ളാഗ് ഓഫ് ചെയ്യും. സന്ദേശയാത്ര കോര്പറേഷന് ഓഫീസിന് മുന്‍പിലെത്തി ഗാന്ധിപ്രതിമയില്‍ മേയര്‍ എം.കെ. വര്‍ഗീസ് പുഷ്പാര്‍ച്ചന നിര്‍വഹിക്കും.
സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബുകളുടെയും സ്കിറ്റുകളുടെയും അവതരണം, കോര്പറേഷന് ശുചീകരണ തൊഴിലാളികളെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളായി 50 സെക്റ്ററുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരണം, നഗര ശുചീകരണം നഗരത്തില്‍ അന്തിയുറങ്ങുന്നവരുടെ പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പി. ബാലചന്ദ്രന് എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മെഗാ ക്ലീനിംഗിന്റെ ഭാഗമാകും.
വികാരി ജനറല്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജോസ് വല്ലൂരാന്, ഡിബിസിഎല്‍സി ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ആളൂര്‍, അസി. ഡയറക്ടര്‍മാരായ ഫാ. സിജോ മുരിങ്ങത്തേരി, ഫാ. ലിജോ ചാലിശേരി, ഫാ. ജിക്സന് മാളോക്കാരന്‍, വിശ്വാസ പരിശീലന സമിതിയുടെ കണ്‍വീനര്‍ വി.കെ. ജോര്‍ജ്, പ്രസിഡന്റ് എം.ഐ. മാത്യു കൂള, സോഷ്യല്‍ മിനിസ്ട്രി ആനിമേറ്റർ ഡോ. ടോണി ജോസഫ്, തോമസ് ചീനത്ത് എന്നിവര്‍ നേതൃത്വം വഹിക്കും.