7സുവർണഗൃഹം പദ്ധതി വീടുകൾ നല്കുന്നതിനെചൊല്ലി നഗരസഭാ യോഗത്തിൽ തർക്കം
1337411
Friday, September 22, 2023 2:12 AM IST
ചാലക്കുടി: നഗരസഭയുടെ സുവർണഗൃഹം പദ്ധതിയിലെ വീടുകൾ നല്കുന്നതിനെ ചൊല്ലി തർക്കം. നറുക്കെടുപ്പിലൂടെയാണ് പണി പൂർത്തീകരിച്ച അഞ്ചുവീടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുത്ത ചിലരെ ഒടുവിൽ ഒഴിവാക്കിയെന്നതിനെ ചൊല്ലിയായിരുന്നു തർക്കം. 11-ാം വാർഡിലെ നേരത്തെ തെരഞ്ഞെടുത്തയാളെ ഒഴിവാക്കിയതിനെതിരെ വാർഡ് കൗൺസിലർ ബിജി സദാനന്ദനാണ് വിഷയം ഉന്നയിച്ചത്. ഒരു കൗൺസിലർ നറുക്കെടുപ്പിൽ ലഭിച്ചത് മറ്റൊരു കൗൺസിലറുടെ വാർഡിലെയാൾക്ക് കൊടുക്കാൻ നിർദേശിച്ചിരുന്നത് ഒടുവിൽ മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇതേസമയം വീടുകൾ പണിയുന്ന വാർഡിലെ ഒരു കുടുംബത്തിന് വീട് നൽകണമെന്ന് വാർഡ് കൗൺസിലർ ലില്ലി ജോസും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഇവരെ പിന്തുണച്ചു. തർക്കം മുറുകിയപ്പോൾ നറുക്കെടുപ്പിൽ കിട്ടിയവർക്ക് വീട് നൽകാൻ കൗൺസിൽ തിരുമാനിച്ചു.
ഇതിനിടയിൽ വീട് നല്കുമെന്ന വാഗ്ദാനംനൽകിയ നഗരസഭ വാക്ക് മാറിയെന്ന് ആരോപിച്ച് ഷാജു തട്ടിലും കുടുബവും നഗരസഭാ ഓഫീസിനു മുന്നിൽ കഞ്ഞിവച്ച് സമരം നടത്തി. ഒടുവിൽ വാർഡ് കൗൺസിലർ ഈ പദ്ധതിയിൽ അല്ലാതെ വീടുപണിത് കൊടുക്കാമെന്ന് ഉറപ്പുനൽകിയപ്പോഴാണ് സമരം അവസാനിപ്പിച്ചത്.