സഹകരണബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക്
1337095
Thursday, September 21, 2023 1:12 AM IST
നിക്ഷേപം പിൻവലിക്കാനും
ആശങ്ക തീർക്കാനും
സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ സഹകരണബാങ്കുകളിൽ ഇഡി വ്യാപകമായി റെയ്ഡ് നടത്തിയതോടെ മിക്കയിടങ്ങളിലും ഇടപാടുകാരുടെ തിരക്കേറി.
ഒട്ടേറപ്പേർ തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തി. ബാങ്കുകളുടെ അവസ്ഥയെന്തെന്ന് അറിയാനും ഇടപാടുകാരുടെ തിരക്കായിരുന്നു. ഇത്തരം പരിശോധനകൾ ബാങ്കുകളിൽ സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും സഹകരണബാങ്കുകൾ പൊളിയുന്നുവെന്ന കുപ്രചരണത്തിൽ ഇടപാടുകാർ വീഴരുതെന്നും ബാങ്കുകാർ പറയുന്നുണ്ടെങ്കിലും പലരും ഇത് വിശ്വാസത്തിലെടുക്കുന്നില്ല.
ഇടപാടുകാർ പറയുന്നത്...
നമുക്കാകെയുള്ള സന്പാദ്യമാണ് സഹകരണബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. അത് നമ്മുടെ ആവശ്യത്തിന്, ആവശ്യമുള്ള സമയത്ത് പിൻവലിക്കാനുള്ളതാണ്. കരുവന്നൂരിൽ ആളുകൾ ഇട്ട നിക്ഷേപം പിൻവലിക്കാൻ ടോക്കണെടുത്ത് ബാങ്കുകാർ പറയുന്ന സമയം നോക്കി കാത്തുനിന്ന സ്ഥിതി നമ്മൾ കണ്ടതാണ്.
അതുണ്ടാകാതിരിക്കാനാണ് ഞങ്ങൾ നിക്ഷേപം പിൻവലിക്കുന്നത്. ബാങ്ക് പൊളിയരുതെന്നു തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം. പക്ഷേ നിക്ഷേപം വച്ച് കളിക്കാൻ പറ്റില്ല.
ബാങ്ക് അധികൃതർ
പറയുന്നത്...
ഒരു റെയ്ഡ് നടത്തിയതുകൊണ്ടോ ഏതെങ്കിലും ഇടപാടുകാർ കള്ളത്തരം കാണിച്ചതുകൊണ്ടോ സഹകരണബാങ്ക് പൊളിയില്ല.
അഭ്യൂഹങ്ങളിൽ വിശ്വസിച്ച് ഇടപാടുകാർ കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തുകയാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടാണ് പലരും നിക്ഷേപം പിൻവലിക്കാൻ എത്തുന്നത്. എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്.
ആശങ്ക വേണ്ടെന്ന് പെരിങ്ങണ്ടൂർ
സർവീസ് സഹകരണ ബാങ്ക് അധികൃതർ
അത്താണി: കേരളത്തിന്റെ സഹകരണ മേഖല ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണെന്നും അന്താരാഷ്ട്രശ്രദ്ധ നേടിയ കേരളീയ സഹകരണ മേഖലയെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി താറടിച്ചു കാണിക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇഡിയുടെ പേരുപറഞ്ഞ് തങ്ങളടക്കം പല ബാങ്കുകളേയും മോശമായി ചിത്രീകരിക്കുന്നതായും ബാങ്ക് ഭരണസമിതി അംഗങ്ങൾ പരാതിപ്പെട്ടു. കഴിഞ്ഞ 21 വർഷമായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് നല്ലരീതിയിൽ പ്രവർത്തിക്കുന്നു. വ്യാജപ്രചാരണങ്ങളിൽ ഓഹരി ഉടമകൾ കരുതിയിരിക്കണം.
എല്ലാ നിക്ഷേപങ്ങളും പൂർണസുരക്ഷിതമാണ്. ബാങ്കിന്റെ ഓഹരി മൂലധനം 2.15 കോടിയാണ്. വായ്പ മുൻ വർഷത്തെ അപേക്ഷിച്ച് നാലു കോടി രൂപ കൂടുതൽ നൽകിയെന്നും ബാങ്ക് അധികാരികൾ വിശദീകരിച്ചു.
നിക്ഷേപങ്ങളിൽ 80 ശതമാനവും അഞ്ചു ലക്ഷത്തിനു താഴെയുള്ളതാണ്. ഇത്തരം നിക്ഷേപങ്ങൾക്ക് ബോർഡ് ഗ്യാരണ്ടി നൽകുന്നതുകൊണ്ട് പൂർണമായ സുരക്ഷിതത്വം ഉറുപ്പു വരുത്തുന്നുണ്ടെന്നും, അപവാദ പ്രചാരകരെ ഓഹരി ഉടമകൾ തിരിച്ചറിയണമെന്നും ഭരണസമിതി പ്രസിഡന്റ് എം.ആർ. ഷാജൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ആർ.ഉദയൻ, സെക്രട്ടറി ടി.ആർ.രാജൻ, എം.എസ്.നിത്യ, അജിത മോഹൻ ദാസ്, ഷെരീഫ ഹസൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.