മലയാളത്തിന്റെ മരുമകളായി ഫ്രഞ്ച് യുവതി എമ്മ
1509782
Friday, January 31, 2025 4:47 AM IST
മൂവാറ്റുപുഴ: മലയാലത്തിന്റെ മരുമകളായി ഫ്രഞ്ച് യുവതി എമ്മ. മൂവാറ്റുപുഴ മുടവൂർ സ്വദേശി അർജുനും ഫ്രഞ്ച് യുവതി എമ്മയുടെയും രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനാണ് കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന ചടങ്ങിൽ സാഫല്യമായത്.
ബുധനാഴ്ച രാവിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിനിർത്തി അർജുൻ എമ്മയുടെ കഴുത്തിൽ താലി ചാർത്തി. മുടവൂർ സ്വദേശി അജയ്കുമാറിന്റെയും ഗിരിജയുടെയും മകനാണ് അർജുൻ.
കുട്ടനാട്ടിലെ മങ്കൊന്പിലെ ആനന്ദം ആശ്രമത്തിൽ കഴിഞ്ഞ ഏഴ് വർഷമായി സന്ദർശകരാണ് എമ്മയും പിതാവ് അന്റോയിണി ഫെറിഗ്നോയും മാതാവ് അനിക് ഫെറിഗ്നോയും. ബന്ധുവിന്റെ ചികിത്സയ്ക്കായി ഇവിടെയെത്തിയ അർജുനും എമ്മയും തമ്മിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു.
എൻജിനീയറിംഗ് അധ്യാപകനായിരുന്നു അർജുൻ. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മൂവാറ്റുപുഴ രജിസ്ട്രാർ ഓഫീസിൽ കുടുംബസമേതം എത്തുകയും ചെയ്തു.