ഫ്ലാറ്റിൽ നിന്നുവീണ് വിദ്യാർഥി മരിച്ച സംഭവം: മുഖ്യമന്ത്രിക്ക് രക്ഷിതാക്കൾ പരാതി നൽകി
1509759
Friday, January 31, 2025 4:14 AM IST
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി നൽകി. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദാണ് (15) ഈ മാസം 15ന് ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് വീണ് മരിച്ചത്.
തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദ് വൈകിട്ട് സ്കൂളിൽ നിന്നെത്തിയ ശേഷം 3.50 ഓടെ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പറഞ്ഞത്. സ്കൂളിലുണ്ടായ റാഗിംഗാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്നാണ് പരാതിയിൽ പറയുന്നത്.
സഹപാഠികൾ മിഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിച്ചതായും മാതാവ് റജ്ന പറയുന്നു. മിഹിറിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സ്കൂളിനെതിരെ, രക്ഷിതാക്കൾ ഹിൽപാലസ് പോലീസിൽ ആദ്യം പരാതി നൽകിയിരുന്നു.