തൃക്കാക്കരയിൽ വീണ്ടും ഭരണമാറ്റം; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്റെ രാജി ഇന്ന്
1509773
Friday, January 31, 2025 4:25 AM IST
കാക്കനാട്: യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന നഗരസഭയിലെ വിവിധ ഭരണസമിതികളിൽ നിന്നും സ്ഥിരം സമിതി അധ്യക്ഷരെ പുറത്താക്കൽ, നിലവിലുള്ള സ്ഥിരം സമിതി അംഗങ്ങൾ മറ്റു ചില സ്ഥിരം സമിതികളിക്കു മറുകണ്ടം ചാടൽ തുടങ്ങി നാടകീയ രംഗങ്ങൾ പലതും തൃക്കാക്കര നഗരസഭയിൽസ്ഥിരം അരങ്ങിന് കൊഴുപ്പു കൂട്ടുന്നതായി പ്രതിപക്ഷ ആക്ഷേപം.
യുഡിഎഫ് നഗരസഭാ ഭരണത്തിലെത്തുമ്പോൾ ആദ്യം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന റാഷിദ്ള്ള ഉള്ളംപിള്ളി ഒന്നരക്കൊല്ലം മുൻപ് രാജിവച്ച് പദവി കോൺഗ്രസിലെ ഉണ്ണി കാക്കനാടിന് കൈമാറിയിരുന്നു.
ഒന്നര വർഷം പിന്നിട്ട ഉണ്ണി കാക്കനാട് ഇന്ന് പദവി രാജി വക്കുന്നതോടെ മുൻധാരണ പ്രകാരം സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശേരി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനാവും.
ഭരണം നിലനിർത്താൻ സ്വതന്ത്രരായി മൽസരിച്ച് നഗരസഭാ കൗൺസിലിൽ എത്തിയ ഇ.പി. കാതരുകുഞ്ഞ്, വർഗീസ് പ്ലാശേരി, ഓമന സാബു ഫ്രാൻസിസ്, അബ്ദുഷാന എന്നിവരുടെ പിന്തുണ ഭരണപക്ഷം തേടിയിരുന്നു. ഇവരിൽ അബ്ദു ഷാനക്ക് അഞ്ചു മാസത്തേക്ക് മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വൈസ് ചെയർമാൻ പദവി മൂന്ന് മാസംമുൻപ് നൽകിയിരുന്നു.
ഇതോടെ യുഡിഎഫിനൊപ്പം നിന്ന ഇ.പി. കാതരു കുഞ്ഞ് യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേർന്നു.
കാതരു കുഞ്ഞ് പ്രതിപക്ഷത്തിനൊപ്പം ചേർന്നതോടെ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം എൽഡിഎഫിലെ സിപിഎം പ്രതിനിധി റസിയ നിഷാദിന് സ്വന്തമായി.
കോൺഗ്രസിലെ ചേരിപ്പോരും ഗ്രൂപ്പു വഴക്കുംമൂലം യുഡിഎഫിലെ സോമി റെജിയുടെ ചെയർപേഴ്സൺ സ്ഥാനമാണ്നഷ്ടമായത്.
യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കും പിന്നീട് യുഡിഎഫിലേക്കും തിരികെ വന്ന വർഗീസ് പ്ലാശേരിക്കും, ഓമന സാബു ഫ്രാൻസിസിനും ആരോഗ്യ, ക്ഷേമകാര്യ സ്ഥിരം സമിതികളിൽ അധ്യക്ഷസ്ഥാനം കൊടുക്കാമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ഉറപ്പു നൽകിയിരുന്നു.