കാന നവീകരണം ഒന്നാം വർഷത്തിലേക്ക് : യാത്രക്കാർക്ക് കെണിയൊരുക്കി ആലുവയിലെ നടപ്പാതകൾ
1509767
Friday, January 31, 2025 4:25 AM IST
ആലുവ: അഞ്ച് കോടി രൂപ മുടക്കി ആരംഭിച്ച ആലുവ നഗരത്തിലെ പൊതുകാന - നടപ്പാത നവീകരണം ഒരു വർഷമായിട്ടും പൂർത്തിയായില്ല. നടപ്പാത നിർമാണം പാതി വഴിയിലായതോടെ കാൽനടക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ പുതിയ സ്ലാബുകൾ ഇട്ടെങ്കിലും വശങ്ങളിൽ ചെറിയ കല്ലുകൾ ഉയർത്തി വച്ചിരിക്കുന്നതാണ് കാൽനടക്കാർക്ക് ഭീഷണി ആയിരിക്കുന്നത്.
ഉയർന്നിരിക്കുന്ന കല്ലുകളിൽ തട്ടി നിരവധി പേരാണ് മുഖം പൊത്തി റോഡിലേക്ക് വീഴുന്നത്. ആയിരക്കണക്കിന് കാൽനടക്കാർ ട്രെയിൻ, ബസ് ഇറങ്ങി യാത്ര ചെയ്യുന്ന മേഖല കൂടിയാണിത്. കാൽ തെറ്റി വീണ് നെറ്റിയും തലയും പൊട്ടിയ സംഭവങ്ങൾ പലവട്ടം "ദീപിക' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം നടത്തി വടകരയിലേക്ക് ട്രെയിനിൽ മടങ്ങാനെത്തിയ വയോധികയുടെ പല്ലാണ് വീഴ്ചയിൽ പൊട്ടിയത്. പ്രധാന റോഡുകളായ സബ് ജയിൽ റോഡ്, റെയിൽവേ സ്റ്റേഷൻ, മുനിസിപ്പൽ ഓഫീസ് റോഡ്, പ്രിയദർശിനി റോഡ് എന്നീ മേഖലകളിലാണ് നടപ്പാത നവീകരണം തുടങ്ങിയത്.
കാന കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബുകൾ ഇട്ട് ഇന്റർലോക്ക് കട്ട വിരിക്കുന്നതാണ് പദ്ധതി. ഇതിനു വേണ്ടി കാനയുടെ മുകളിലെ സ്ലാബുകൾ എടുത്ത് മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലും പലയിടത്തും സ്ലാബുകൾ ശരിയായ രീതിയിൽ ഇടാനോ കോൺക്രീറ്റ് ചെയ്യാനോ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ലെന്ന് അപകടങ്ങൾക്ക് സാക്ഷിയാകുന്ന വ്യാപാരികൾ പറയുന്നു.