പരാതിക്കാർക്കെതിരെ കേസ്; കൂത്താട്ടുകുളം പോലീസിന്റെ നടപടി വിവാദം
1509200
Wednesday, January 29, 2025 4:48 AM IST
കൂത്താട്ടുകുളം: ക്രൂരമായി മർദിക്കുകയും ഹെൽമറ്റുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാതെ പരാതിക്കാർക്കെതിരെ കേസെടുത്ത കൂത്താട്ടുകുളം പോലീസിന്റെ നടപടി വിവാദമാകുന്നു.
കൂത്താട്ടുകുളം നഗരസഭ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർ നഗരസഭാംഗം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ അതേ ദിവസം തന്നെ കെഎസ്യു പ്രവർത്തകരായ അഭിനവ് ഷാജി, എമിൽ റെജി എന്നിവരെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ബലമായി എത്തിച്ച് ക്രൂരമായ മർദനമുറകൾക്ക് വിധേയമാക്കിയിരുന്നു.
കെഎസ്യുക്കാരുടെ ബൈക്കും അക്രമികൾ കൈവശപ്പെടുത്തിയിരുന്നു. അവരുടെ പിടിയിൽനിന്നും ഓടി രക്ഷപ്പെട്ട പ്രവർത്തകർ പിന്നീട് പിറവം ജെഎംപി ആശുപത്രിയിൽ ചികിത്സതേടി. അക്രമികാരികളായ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാർക്കെതിരെ പരാതി നൽകിയതിനാണ് പോലീസ് കള്ളക്കേസെടുത്ത് ഇപ്പോൾ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂത്താട്ടുകുളത്ത് പോലും ഇല്ലാതിരുന്ന നഗരസഭാംഗം കലാ രാജുവിന്റെ മകനെയും പോലീസ് പ്രതി ചേർക്കുകയായിരുന്നു.
വീഡിയോയിലും സിസിടിവി ചിത്രങ്ങളിലും എല്ലാം പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതും അവരെ റോഡിലൂടെ ഓടിക്കുന്നതും ബൈക്ക് തകർക്കുന്നതും വ്യക്തമായി കണ്ടിട്ടും ആക്രമികൾക്കെതിരെ പോലീസ് നടപടിയെടുക്കുകയോ അവരെ പിടിക്കുകയോ ചെയ്തില്ല.
ക്രൂരമായ മർദനത്തിനിരയായ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് പോലീസിന്റെ മാർക്സിസ്റ്റ് വൽക്കരണത്തിന്റെ ഉദാഹരണവുമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ എന്നിവർ പറഞ്ഞു.