പെട്രോൾ പന്പുകളിലെ മോഷണം; മൂന്നുപേർ പിടിയിൽ
1509465
Thursday, January 30, 2025 4:15 AM IST
പെരുമ്പാവൂർ: പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ 24ന് പുലർച്ചെ ഒക്കലിലെ പമ്പിലും, വട്ടക്കാട്ടുപടിയിലുള്ള പമ്പിലും മോഷണം നടത്തിയ കേസിൽ വടക്കേക്കര തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (27), കൊടുങ്ങല്ലൂർ ശൃംഗപുരം നെല്ലിപ്പറമ്പത്ത് ബൈജു (28),
കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ നിസാർ (26) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വട്ടക്കാട്ടുപടിയിലുള്ള പമ്പിൽ നിന്നും 55,000 രൂപയും ഒക്കൽ പമ്പിൽ നിന്നും 13,000 രൂപയുമാണ് മോഷ്ടിച്ചത്.
രണ്ട് പമ്പുകളുടെയും ഷട്ടറുകളുടെ താഴ് തകർത്ത് ഗ്ലാസ് പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുട മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ വടക്കേക്കര, തൃശൂർ താണിശേരി ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ ഉപയോഗിച്ച മോട്ടോർസൈക്കിൾ ഈ മാസം 14ന് മുളവുകാട് നിന്നും മോഷ്ടിച്ചതാണെന്നും സമ്മതിച്ചു.
കൂടാതെ പുത്തൻവേലിക്കരയിൽ ഒരു വീട് പൊളിച്ച് അകത്തു കയറിയും, 17ന് കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയതായും, 27ന് പുലർച്ചെ കോട്ടയം ഏറ്റുമാനൂർ കടുത്തുരുത്തി പെട്രോൾ പമ്പുകളിലായി മൂന്നു മോഷണങ്ങൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
നിരവധി കേസുകളിലെ പ്രതിയായ യദുകൃഷ്ണ വടക്കേക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ്. ഇയാൾക്ക് മുനമ്പം, എറണാകുളം സെൻട്രൽ, നോർത്ത് പറവൂർ, ആലുവ , ചേരാനല്ലൂർ സ്റ്റേഷനുകളിലായി മോഷണം , കവർച്ച, കഞ്ചാവ് കേസ് തുടങ്ങിയവയുണ്ട്. കഴിഞ്ഞവർഷം ഡിസംബർ 18ന് കാപ്പാ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലായ ഇയാൾ ഒരു വർഷം തടവു ശിക്ഷക്ക് ശേഷം കഴിഞ്ഞ മാസം 18നാണ് പുറത്തിറങ്ങിയത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ്, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒ മാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സിപിഒമാരായ നജ്മി, ബിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.