കീച്ചേരിപ്പടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി
1509494
Thursday, January 30, 2025 4:45 AM IST
മൂവാറ്റുപുഴ: നഗരത്തില്‍ വീണ്ടും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. മൂവാറ്റുപുഴ കോതമംഗലം റോഡില്‍ കീച്ചേരിപ്പടിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഉഗ്രശബ്ദത്തോടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. കീച്ചേരിപ്പടി നെക്സ ഷോറൂമിന് മുന്നിലായി റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പാണ് പൊട്ടിയത്. റോഡിനടിയില്‍ നിന്നും വലിയ ശക്തിയോടെയാണ് വെള്ളം പുറത്തേക്ക് പ്രവഹിച്ചത്. തുടർന്ന് ഗതാഗത തടസവുമുണ്ടായി.
രാവിലെ അധികൃതരെത്തി പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ അടിക്കടി പൊട്ടുകയും വെള്ളം പാഴാകുകയും ചെയ്യുന്നതിനെതിരെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ വാട്ടര്‍ അഥോറിറ്റിയില്‍ വിവിധ തസ്തികളില്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കുകയാണ്.