കനാൽ കവിഞ്ഞൊഴുകി : പാടശേഖരങ്ങളിൽ വെള്ളം കയറി
1509486
Thursday, January 30, 2025 4:39 AM IST
തിരുമാറാടി: മണ്ണത്തൂരിൽ കനാൽ കവിഞ്ഞൊഴുകി കാക്കൂരിലെ കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിൽ വെള്ളം കയറി. വ്യാപകമായി കൃഷി നാശമുണ്ടായതായി കർഷകർ പറഞ്ഞു. ഒന്നാം വാർഡിൽ മണ്ണത്തൂർ കുഴൂർ ഭാഗത്തും കനാൽ പാലത്തിന്റെ ഭാഗത്തും കനാൽ കവിഞ്ഞൊഴുകി. പൂച്ചാലിത്തോടു വഴി എത്തിയ വെള്ളമാണ് കൃഷിയിടങ്ങളിലേക്ക് കയറിയത്.
കാക്കൂർ പാടത്ത് കൊയ്ത്തിനുശേഷം ഉണങ്ങാനിട്ടിരുന്ന വൈക്കോലും നശിച്ചു. വിളവെടുപ്പ് സമയമായതിനാൽ കാക്കൂർ ഭാഗത്തേക്ക് വെള്ളം തുറന്നുവിടെരുതെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നതായി പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് പറഞ്ഞു. മാലിന്യങ്ങൾ അടിഞ്ഞുകൂടിയതാണ് കനാൽ നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകാൻ കാരണമായത്. ഇക്കാര്യത്തിൽ എംവിഐപി ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
പത്താം വാർഡ് ഭാഗത്ത് കനാൽ നിറഞ്ഞുവന്ന ഭാഗം പഞ്ചായത്തംഗം രജു കരിമ്പനക്കലിന്റെ നേതൃത്വത്തിൽ താൽകാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. വലിയ തോതിൽ വെള്ളം എത്തിയപ്പോൾ ഇതെല്ലാം തകർന്നു. തോടിൽ മഴക്കാലത്തേതു പോലെ വെള്ളം നിറഞ്ഞൊഴുകിയതാണ് കൃഷി നാശത്തിന് കാരണമായത്.
നെൽകൃഷിനാശം: എംഎൽഎ സ്ഥലം സന്ദർശിച്ചു
തിരുമാറാടി: കാക്കൂരിൽ നെൽകൃഷി നാശം സംഭവിച്ച സ്ഥലം അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചു. കൊയ്ത്ത് നടന്നുകൊണ്ടിരുന്ന കാക്കൂർ പാടശേഖരത്തിൽ കനാലിൽനിന്ന് വെള്ളമെത്തിയതിനെ തുടർന്ന് നെല്ലും വൈക്കോലും നശിക്കുകയായിരുന്നു.
അഞ്ച് ഏക്കറോളം സ്ഥലത്താണ് കൃഷി നാശം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കാക്കൂർ തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളം എത്തിയത്. കനാലിലൂടെ അനിയന്ത്രിതമായ തോതിൽ വെള്ളമെത്തിയതാണ് കൃഷി നാശത്തിന് കാരണമായത്. സംഭവത്തിൽ ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നു ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
കനാലുകളിൽ വെള്ളം തുറന്നുവിടുന്ന സമയത്ത് കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിൽ കൂടിയാലോചന നടത്തണമെന്ന നിർദേശം പാലിക്കാത്തതിന് തുടർന്നാണ് അഞ്ച് ഏക്കറോളം നെൽകൃഷി നശിച്ചത്.
നിലവിൽ സംഭവിച്ചിരിക്കുന്ന കാര്യങ്ങളിലുണ്ടായ വീഴ്ച കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തണമെന്നും കൃഷിനാശത്തിന്റെ തോത് കൃത്യമായി പരിശോധിച്ച് കണ്ടെത്തണമെന്നും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാക്കൂരിലെ കൃഷിനാശം ഒരു പ്രത്യേക സംഭവമായി പരിഗണിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ശിപാർശ സർക്കാരിലേക്ക് നൽകുമെന്നും എംഎൽഎ പറഞ്ഞു.
കൊയ്ത്തുകഴിഞ്ഞ ഭാഗത്ത് വൈക്കോൽ കെട്ടുകളാക്കാനായി നിരത്തിഇട്ടിരുന്നു. വെള്ളം കയറിതോടെ ഇവ നശിക്കുകയായിരുന്നു. വെള്ളം കയറിയതറിഞ്ഞെത്തിയ കർഷകരായ ബിജേഷ്, ഏലിയാസ് എന്നിവർ സ്ഥലത്തെത്തി തോട്ടിൽനിന്ന് പാടശേഖരത്തിലേക്കുള്ള വെള്ളമൊഴുക്ക് തടയാനുള്ള ശ്രമം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ വിജയിച്ചില്ല. രാത്രിയിലും കർഷകരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയായിരുന്നു.
തോട് പെട്ടെന്ന് നിറയാനുള്ള കാരണമായത് കനാൽ വെള്ളം തുറന്നുവിടുന്നതിൽ ഉണ്ടായ ആശയക്കുഴപ്പമാണ്. കനാലിൽ നിന്നുള്ള വെള്ളമൊഴുക്ക് കൊയ്ത്ത് തീരുംവരെ നിർത്തണമെന്ന കർഷകരുടെ ആവശ്യം എംവിഐപി അധികൃതർ പരിഗണിക്കാത്തതിലാണ് കൃഷി നശിക്കാൻ കാരണമായത്. എംഎൽഎക്കൊപ്പം പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.