പാടശേഖരങ്ങൾ വരൾച്ചാ ഭീഷണിയിൽ
1509202
Wednesday, January 29, 2025 4:48 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിലെ കനാലുകളിൽ മതിയായ അളവിൽ വെള്ളമെത്താത്തത് നെൽകൃഷിക്ക് ഭീഷണിയാകുന്നു. കനാൽ വെള്ളം ആശ്രയിച്ചു നെൽകൃഷി നടത്തുന്ന നടുക്കര, മുള്ളത്തുകണ്ടം പാടശേഖരങ്ങളാണ് ജലദൗർലഭ്യം മൂലം വരൾച്ചാ ഭീഷണി നേരിടുന്നത്.
മൂവാറ്റുപുഴ വാലി വലതുകര കനാലിലെ നീറമ്പുഴ- മൂവാറ്റുപുഴ ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിട്ടെങ്കിലും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ മുഴുവൻ ഭാഗത്തും വെള്ളമെത്താൻ സാധ്യതയില്ല.
ബ്രാഞ്ച് കനാലിൽ നിന്നുള്ള ഉപകനാൽ വഴിയാണ് നടുക്കര, മുള്ളത്തുകണ്ടം പാടശേഖരങ്ങളിൽ ജലമെത്തേണ്ടത്. ഇന്നലെ ഇതുവഴി വെള്ളം തുറന്നുവിട്ടെങ്കിലും ആകെയുള്ള കനാൽ ദൂരത്തിന്റെ പകുതി ഭാഗത്തോളമേ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളൂ എന്നതിനാൽ പാടശേഖരങ്ങളിൽ മതിയായ തോതിൽ ജലമെത്തുമെന്ന് പ്രതീക്ഷയില്ല.
കനാലുകളിൽ വളർന്നു നിൽക്കുന്ന കാട് വെട്ടി നീക്കാനും സിമന്റ് അടർന്നതും മണ്ണു വീണതും യഥാസമയം നീക്കം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഓരോ വർഷവും ആവശ്യമായ തുക കണക്കാക്കി ജലസേചന വകുപ്പിൽ അറിയിക്കുമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം വെട്ടിക്കുറയ്ക്കുകയാണ്. ഇതുമൂലം അറ്റകുറ്റപ്പണികൾ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുന്നു.
നെൽപ്പാടങ്ങൾ സജീവമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ മുൻഗണന നൽകുമ്പോൾ ജലക്ഷാമം രൂക്ഷമായിട്ടുള്ള മറ്റു പ്രദേശങ്ങളിൽ കർഷകരുടെ പുരയിടങ്ങളിലെ വാഴ, പച്ചക്കറികൾ, ജാതി തുടങ്ങിയവ ഉണങ്ങിത്തുടങ്ങിയിരിക്കുകയാണ്. കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് കനാലുകളിൽ നിർബാധം ജലമൊഴുക്കുന്നതിന് മതിയായ തുക അനുവദിച്ച് വർഷാവർഷം സമയബന്ധിതമായി കനാലുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.