യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ട്രെയിനില്‍ രക്ഷകയായി നഴ്സ്
1509459
Thursday, January 30, 2025 4:15 AM IST
കൊച്ചി : ട്രെയിന്‍ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്സ്. തിങ്കളാഴ്ച രാവിലെ പരശുറാം എക്സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടെ കൊല്ലം കരുനാഗപ്പളളി സ്വദേശി സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തൊട്ടടുത്ത കംപാര്‍ട്ട്മെന്റില്‍ നിന്നും നിലവിളി കേട്ട് എത്തിയ അമിത കുര്യാക്കോസിന്റെ സമയോചിത ഇടപെടലാണ് സുശീലയ്ക്ക് തുണയായത്. ആലുവ രാജഗിരി ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയു നഴ്സാണ് അമിത കുര്യാക്കോസ്.
രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനാണ് മകളുടെ കൂടെ സുശീല എറണാകുളത്തേക്ക് പോയത്. ട്രെയിന്‍ തൃപ്പൂണിത്തുറ സ്റ്റേഷന് പിന്നിട്ടപ്പോള്‍ സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് കണ്ട് കൂടെ യാത്ര ചെയ്ത മകള്‍ പരിഭ്രാന്തിയിലായി. മകളുടെ കരച്ചില് കേട്ടാണ് യാത്രക്കാര്‍ വിവരം അറിഞ്ഞത്.
പള്‍സ് പരിശോധിച്ചപ്പോള്‍ ലഭിക്കാതെ വന്നതോടെ നഴ്സ് അമിത സുശീലയെ തറയില്‍ കിടത്തി. തുടര്‍ന്ന് അഞ്ച് തവണ സിപിആര്‍ നല്കി. ഇതോടെയാണ് സുശീലയുടെ കണ്ണുകളില്‍ ചലനവും പള്‍സും വീണ്ടെടുക്കാന്‍ സാധിച്ചത്.
സഹയാത്രികരുടെ സഹായത്തോടെ നഴ്സ് അമിത സുശീലയെ സുരക്ഷിതമായി ഇരുത്തി. തുടര്‍ന്ന് വെളളം കുടിക്കാന്‍ നല്കി. ഇതിനകം യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇതോടെ റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തി.
അമിത കുര്യാക്കോസിന്റെ അവസരോചിത ഇടപെടലിനെ ടിടിഇയും സഹയാത്രികരും അഭിനന്ദിച്ചു. തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ സുശീലയും മകളും ഡോക്ടറെ കണ്ട ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. അമിതയെ രാജഗിരി ആശുപത്രി മാനേജ്മെന്റ് ആദരിച്ചു.