ഭൂമി തരം മാറ്റം: ഓഫ് ലൈൻ അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം നൽകും
1509478
Thursday, January 30, 2025 4:38 AM IST
കാക്കനാട്: 2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം കണയന്നൂർ, പറവൂർ, ആലുവ താലൂക്ക് പരിധിയിലെ ഭൂമി തരം മാറ്റുന്നതിനായി ഫോർട്ട് കൊച്ചി ആർഡിഒ മുൻപാകെ നേരിട്ട് അപേക്ഷ ( ഓൺലൈൻ അപേക്ഷ അല്ലാത്തത്) സമർപ്പിച്ച അപേക്ഷകരിൽ ഇതുവരെ ഉത്തരവുകൾ ലഭ്യമാകാത്ത അപേക്ഷകളിൽ അടിയന്തിരമായി നടപടികൾ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു.
ഇതിനായി ഉത്തരവുകൾ ലഭ്യമാകാത്ത അപേക്ഷകർ ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ അപേക്ഷകന്റെ പേര്, അപേക്ഷ നമ്പർ, ഫോം നമ്പർ 5, അല്ലെങ്കിൽ 6, സർവേ നമ്പർ, വിസ്തീർണ്ണം തണ്ടപ്പേര് നമ്പർ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.