ലോകം നോക്കുന്നു : കൊച്ചിയുടെ മാലിന്യസംസ്കരണം
1509458
Thursday, January 30, 2025 4:15 AM IST
കൊച്ചി: മാലിന്യ സംസ്കരണം കൊച്ചിയിൽ തീർത്താലും തീരാത്ത പ്രശ്നമാണെന്ന പരാതികളുടെ കാലം മാറുന്നു. നവീനവും ശാസ്ത്രീയവുമായ രീതികളിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങളിലേക്കു കൊച്ചി വളരുന്നതു ലോകവും ആകാംക്ഷയോടെ നോക്കുന്നു. ബ്രഹ്മപുരത്തെ അത്യാധുനിക ജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ വിജയകരമായ പ്രവർത്തനങ്ങൾ മനസിലാക്കാൻ യുഎഇയിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം ഇവിടെ സന്ദർശനം നടത്തി.
കുറഞ്ഞ നിക്ഷേപത്തിലും പ്രവർത്തനച്ചെലവിലുമാണു ബ്ലാക്ക് സോൾജിയർ ഫ്ലൈ (ബിഎസ്എഫ്) സംവിധാനത്തിൽ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണകേന്ദ്രം. ലാർവകളെ ഉപയോഗിച്ചുള്ള ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനം കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ ഫാബ്കോ ബയോ സൈക്കിളാണു സ്ഥാപിച്ചത്.
കൊച്ചി നഗര പരിധിയിലെ ഭക്ഷ്യമാലിന്യങ്ങൾ സംസ്കരിക്കാനുള്ള പദ്ധതിയെന്ന നിലയിലാണ് ഫാബ്കോ ബയോ സൈക്കിൾ ആരംഭിച്ചതെന്ന് ഡയറക്ടർമാരായ പി.വി. നിയാസ്, പി.എ. ലത്തീഫ് എന്നിവർ പറഞ്ഞു. ഇതിനകം 12,000 ടൺ മാലിന്യം ഇവിടെ കൈകാര്യം ചെയ്തു. ദിവസം അമ്പത് ടൺ മാലിന്യം സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു പൊടിച്ച് ബ്ലാക്ക് സോൾജിയർ ഫ്ലൈ എന്ന ലാർവ ഉപയോഗിച്ച് മാറ്റുന്നു.
സംസ്കരണത്തിന് വളരെ കുറച്ച് സ്ഥലംമാത്രം മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ മാലിന്യം സംസ്കരിച്ചു മൂല്യവർധിത ഉൽപന്നമായ പോഷകമാക്കി മാറ്റുന്നു. അതോടൊപ്പം വളവും (ഫ്രാസ്) ഇതിൽ നിന്ന് ഉൽപാദിപ്പിക്കുന്നു.
കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മാലിന്യം കൈകാര്യം ചെയ്യുന്ന ഈ രീതി ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതിയാണെന്ന് അധികൃതർ പറയുന്നു. കൊച്ചിയിലെ പ്ലാന്റിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ പ്രതിദിനം 500 ടൺ മാലിന്യസംസ്കരിക്കുന്നതിനുള്ള പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു.
ദുബായിലെ എംഎഎച്ച് വൈ ഖൂറി ആൻഡ് കമ്പനിയുടെ പ്രതിനിധികളാണു കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെ സംസ്കരണകേന്ദ്രം സന്ദർശിച്ചത്. ഇവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ തങ്ങളുടെ രാജ്യത്തും അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നു സംഘാംഗങ്ങൾ പറഞ്ഞു.
ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിലെ മാലിന്യസംസ്കരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു. നഗര മാലിന്യ സംസ്കരണരംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന്റെ സാധ്യത അടിവരയിടുന്നതാണ് ദുബായ് പ്രതിനിധിസംഘത്തിന്റെ സന്ദർശനമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.