അറബിക്കടല്‍ കാഴ്ചകളും കപ്പല്‍യാത്രയും ആസ്വദിച്ച് പീസ് വാലിയിലെ അംഗങ്ങള്‍
1509479
Thursday, January 30, 2025 4:38 AM IST
കൊച്ചി: കോസ്റ്റ് ഗാര്‍ഡിനൊപ്പം കപ്പല്‍ യാത്രയും അറബിക്കടല്‍ കാഴ്ചകളും ആസ്വദിച്ച് പള്ളുരുത്തി പീസ് വാലി സാമൂഹിക മാനസിക പുരനധിവാസ കേന്ദ്രത്തിലെ അംഗങ്ങള്‍. ഫോര്‍ട്ടുകൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തു നിന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും വലിയ കപ്പലായ ഐസിജി എസ് സമര്ഥയിലാണ് പീസ് വാലി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ സഹോദങ്ങള്ക്കായി കോസ്റ്റ് ഗാര്‍ഡ് യാത്ര സംഘടിപ്പിച്ചത്.
തുറമുഖത്തുനിന്നും ഇരുപത്തിരണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരം തെക്ക് പടിഞ്ഞാറ് ദിശയിലായിരുന്നു യാത്ര. കപ്പലിന്റെ മുഴുവന്‍ സ്ഥലങ്ങളും പ്രവര്‍ത്തനവും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പരിചയപെടുത്തി.
വിവിധ സന്ദര്‍ഭങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് രക്ഷ ദൗത്യം, ഹെലികോപ്റ്റര്‍ അഭ്യാസ പ്രകടനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ എന്നിവ വേറിട്ട അനുഭവമായി. കോസ്റ്റ് ഗാര്‍ഡ് കേരള മാഹി മേധാവി കമാന്‍ഡര്‍ എന്‍.രവി യാത്രയില്‍ പീസ് വാലിയിലെ സഹോദരങ്ങള്‍ക്ക് ഒപ്പം അനുഗമിച്ചു.
പീസ് വാലി ഉപാധ്യക്ഷന്‍ രാജീവ് പള്ളുരുത്തി, കോര്പ്പറേഷന് കൗണ്‍സിലര്‍ ഷീബ ഡ്യൂറോം, കോഓര്‍ഡിനേറ്റര്‍ ദേവിക പ്രസാദ്, കെ.സജീവന്, റംല പ്രമീജ് എന്നിവര്‍ നേതൃത്വം നല്കി.