പോക്സോ കേസ് അതിജീവിതയെ അവശനിലയിൽ കണ്ട സംഭവം : ആൺസുഹൃത്ത് അറസ്റ്റിൽ
1509460
Thursday, January 30, 2025 4:15 AM IST
ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ അവശനിലയിൽ കണ്ട സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് കുഴിപ്പുറത്ത് അനൂപി(24) നെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10.15 ഓടെ യുവതിയുടെ യുവതിയുടെ വീട്ടിലെത്തി വാക്കേറ്റത്തിലേർപ്പെട്ടെന്നും തുടർന്ന് മർദിച്ചെന്നും ഇതിലുള്ള മനോവിഷമത്തിൽ യുവതി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഷാൾ മുറിച്ചിട്ട ശേഷം താൻ രക്ഷപ്പെട്ടുവെന്നും ഇയാൾ പറഞ്ഞു. പിടിയിലായ അനൂപ് ലഹരി കേസിലടക്കം പ്രതിയാണ്.
ഞായറാഴ്ച പുലർച്ചെ നാലോടെ യുവാവ് മടങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ചോറ്റാനിക്കര കുരീക്കാടിനടുത്തുള്ള വീട്ടിലെ കിടപ്പുമുറിയിൽ അർധനഗ്നയായി 19 കാരിയായ യുവതിയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിലും കൈയിൽ മുറിവേറ്റ് ഉറുമ്പരിച്ച നിലയിലും കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീടിനടുത്തുള്ള ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായി കട്ടിലിൽ കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും നില ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അനൂപിന്റെ ആക്രമണം ഭയന്ന് ഒരു മാസമായി താൻ വീട് മാറി താമസിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. തന്നെ ഉപദ്രവിക്കുമെന്ന പേടിയുമുണ്ടായിരുന്നു. ബന്ധു വഴിയാണ് മകളുടെ വിവരം അറിഞ്ഞത്.
നേരത്തെയുണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ വീണ് മുറിവുണ്ടായതാണെന്നാണ് പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കാൻ പലപ്രാവശ്യം പറഞ്ഞു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിൽ എത്തിയിരുന്നെന്നും മാതാവ് പറഞ്ഞു.
യുവാവ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും രാത്രി 11നു ശേഷം ഇതുവഴി പരിസരവാസികൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഇവിടെയുള്ള 20 ഓളം വീട്ടുകാർ മാസ് പെറ്റീഷൻ തയാറാക്കി ഒരു മാസം മുന്പ് പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നുവെന്നും ഇവരുടെ അയൽവാസിയും പറഞ്ഞു.
മൂന്നുവർഷം മുമ്പ് പെൺകുട്ടി പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ് യുവതി നാലുമാസം മുന്പ് നൽകിയ പരാതിയിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.