കുടിവെള്ള ക്ഷാമം : പിറവത്ത് വാട്ടർ അഥോറിറ്റി എൻജിനീയറെ ഉപരോധിച്ചു
1509495
Thursday, January 30, 2025 4:45 AM IST
പിറവം: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പിറവം വാട്ടർ അഥോറിറ്റി എഇഎ ഉപരോധിച്ചു.
നഗരസഭയിലുൾപ്പെട്ട മുളക്കുളം പള്ളിപ്പടി, കാരമല, തേനേത്ത് മല, പാഴൂർ മുല്ലൂർപ്പടി, കോട്ടപ്പുറം, കളമ്പൂർ, പോങ്ങും മല, കൊള്ളിക്കൽ, കൊമ്പനാമല തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളുകളേറേയായി. നിരവധി പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവും കണ്ടെത്താത്തതിനത്തുടർന്നാണ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയത്.
ഉയർന്ന പ്രദേശങ്ങളായ പലയിടങ്ങളിലും കിണറും മറ്റ് സൗകര്യങ്ങളുമില്ലാത്തതിനാൽ വാട്ടർ അഥോറിറ്റിയിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വളരെ ഗുരുതരാവസ്ഥയിലാകും. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിക്കുമന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.
നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, കെ.ആർ. പ്രദീപ്കുമാർ, അരുൺ കല്ലറക്കൽ, തോമസ് തേക്കുംമൂട്ടിൽ, പ്രശാന്ത് മമ്പുറം, അന്നമ്മ ഡോമി, വത്സല വർഗീസ്, ജോജിമോൻ ചാരുപ്ലാവിൽ, ജോണി കാച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.