കാട്ടാന ഭീഷണി : ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ വനം വകുപ്പ് ആർആർടിയെ നിയോഗിച്ചു
1509490
Thursday, January 30, 2025 4:45 AM IST
കോതമംഗലം: കാട്ടാന ഭീഷണിയേതുടർന്ന് ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി വനം വകുപ്പ് ആർആർടിയെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രി ഇരുചക്ര വാഹന യാത്രക്കാർക്കുനേരെ ആനയുടെ ആക്രമണം ഉണ്ടാവുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തതിനേതുടർന്നാണ് നടപടി.
24 മണിക്കൂറും ആർആർടി സേവനം ഉണ്ടാകുമെന്നാണ് അധികൃതരുടെ ഉറപ്പ്. ചൊവ്വാഴ്ച രാത്രി മീരാൻസിറ്റിക്കടുത്തുവച്ചാണ് വാഹന യാത്രക്കാർക്കുനേരെ ആന പാഞ്ഞടുത്തത്. രണ്ട് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ നിരപ്പുകാലായിൽ മനോജ് ചികിത്സയിലാണ്. സംഭവത്തേതുടർന്ന് നാട്ടുകാർ ഭൂതത്താൻകെട്ടിലെ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങളായ എൽദോസ് ബേബി, ഇ.സി. റോയി എന്നിവർ നേതൃത്വം നൽകി. തുടർന്നാണ് ആർആർടി സേവനം അധികൃതർ ഉറപ്പ് നൽകിയത്.
മനോജിന് പ്രാഥമിക ചികിത്സാ സഹായം നൽകാനും വനം വകുപ്പ് തയാറായി. വേനൽ ആയതോടെ ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ ആനശല്യം വർധിച്ചിട്ടുണ്ട്. ആനകൾ റോഡിന് കുറുകെ കടക്കുന്നത് പതിവാണ്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.