അമരാവതിയിലെ അഗ്നിബാധയിൽ ഒന്നരക്കോടിയുടെ നഷ്ടം
1509764
Friday, January 31, 2025 4:14 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി അമരാവതിയിൽ ബുധനാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ ഒന്നരക്കോടിയുടെ നഷ്ടം ഉള്ളതായി കണക്കാക്കുന്നു. അമരാവതി ജനാർദന ക്ഷേത്രത്തിന് എതിർവശമുള്ള റോഡിൽ സുചിത്രയുടെ ഉടമസ്ഥതയിലുള്ള കെ ആന്ഡ് സി എന്ന ഇലക്ട്രിക്കൽ ഗൃഹോപകരണ സംഭരണശാലയിലുണ്ടായ തീ പിടു ത്തത്തിൽ ഒന്നരക്കോടിയുടെ നാശമാണ് കണക്കാക്കിയിരിക്കുന്നത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് ആറര മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.
ബുധനാഴ്ച രാത്രി എട്ടര മണിയോടെ ആരംഭിച്ച തീയണയ്ക്കാനുള്ള ശ്രമം പുലർച്ചെ രണ്ടര വരെ നീണ്ടു. മട്ടാഞ്ചേരിക്ക് പുറമേ അരൂർ, ഗാന്ധി നഗർ, ക്ലബ് റോഡ്, വൈപ്പിൻ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നും നേവിയുടെ ദ്രോണാചാര്യ, കൊച്ചിൻ പോർട്ട് എന്നിവയുടെയും ഫയർ യൂണിറ്റുകൾ രക്ഷാ പ്രവർത്തനത്തിനായി എത്തി. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വസ്തുക്കളും കത്തിനശിച്ചു. തീ ആളിപ്പിടിച്ച് സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ ഉണ്ടായി.
തീ പിടിച്ച കെട്ടിടം ഇടുങ്ങിയ റോഡിൽ സ്ഥിതി ചെയ്തിരുന്നതിനാൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്താൻ ആദ്യം ബുദ്ധിമുട്ടി. ആദ്യം തന്നെ സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും തീ നിയന്ത്രണ വിധേയമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും കൂടുതൽ യൂണിറ്റുകൾ എത്തി.
തീയണച്ചതിനു ശേഷം പുലർച്ചെ അഞ്ചോടെ വീണ്ടും ചെറിയ തോതിൽ അഗ്നി ബാധയുണ്ടായെങ്കിലും അഗ്നിശമന സേനയെത്തി ഒരു മണിക്കൂർ കൊണ്ട് പൂർണമായും അണച്ചു.
ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ,മട്ടാഞ്ചേരി സ്റ്റേഷൻ ഓഫീസർ വി. വലന്റൈൻ, അസി. ഓഫീസർ പി.എ. അബ്ബാസ്, ക്ലബ് റോഡ് ഓഫീസർ ഡെൽവിൻ, ഗാന്ധി നഗർ അസി. ഓഫീസർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം സേനാംഗങ്ങളാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങളുണ്ടായില്ലെന്നും ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.