ഹൗസിംഗ് ബോര്‍ഡ് ഭൂമിയില്‍ ഉയരും "മറൈന്‍ ഇക്കോ സിറ്റി'
1509468
Thursday, January 30, 2025 4:26 AM IST
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവിലെ ഹൗസിംഗ് ബോര്‍ഡ് ഭൂമിയില്‍ 2280 കോടി രൂപ ചെലവില്‍ "മറൈന്‍ ഇക്കോ സിറ്റി' ഉയരും. രണ്ടുഘട്ടങ്ങളിലായി മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വാണിജ്യ, പാര്‍പ്പിട സമുച്ചയം "മറൈന്‍ ഇക്കോ സിറ്റി' പദ്ധതിയുടെ ഒന്നാംഘട്ടത്തിനുള്ള ടെന്‍ഡറുകള്‍ ഇന്നലെ തുറന്നു. ഗോശ്രീ റോഡില്‍ ജി സ്മാരകത്തോടു ചേര്‍ന്നാണ് ഹൗസിംഗ് ബോര്‍ഡിന്റെ 17.9 ഏക്കര്‍ വരുന്ന ഭൂമിയുള്ളത്.
അത്യാധുനിക സൗകര്യങ്ങളോടെ 12,809 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ പാര്‍പ്പിട, വാണിജ്യ സമുച്ചയം നിര്‍മിക്കാനുള്ള, 486.39 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് (എന്‍ബിസിസി) ലിമിറ്റഡാണ് കണ്‍സള്‍ട്ടന്‍സി. ഒന്നാംഘട്ടം ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാളുകള്‍, മാര്‍ക്കറ്റ്, കണ്വന്ഷന് സെന്റര്‍, ക്ലബ് എന്നിവ ഉള്‍പ്പെടുന്നതാണ് 28 നിലയുള്ള വാണിജ്യ, പര്‍പ്പിട സമുച്ചയം. 14.74 ഏക്കറിലാണ് രണ്ടാംഘട്ട നിര്‍മാണം.
78,000 ചതുരശ്രയടിയില്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററും ആഡംബരഹോട്ടലും 27 ലക്ഷം ചതുരശ്രയടിയില്‍ പാര്‍പ്പിട സമുച്ചയവുമാണ് രണ്ടാംഘട്ടം. 31 നിലയുള്ള ആറ് റസിഡന്‍ഷല്‍ ടവറുകളാണ് ഉണ്ടാകുക. സംസ്ഥാന സര്‍ക്കാരും എന്‍ബിസിസിയും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്നുള്ള പദ്ധതിയുടെ നിര്‍മാണച്ചെലവ് എന്‍ബിസിസിയാണ് കണ്ടെത്തുക. ഭൂമിയുടെ ഉടമസ്ഥത ബോര്‍ഡിന്റെ പക്കല്‍ തുടരും. നിര്‍മിച്ച് കൈമാറിയ ശേഷമുള്ള ചെലവുകളും ബോര്‍ഡാകും വഹിക്കുക.
2023 സെപ്റ്റംബറിലാണ് പദ്ധതിക്കായി എന്ബിസിസിയുമായി ധാരണാപത്രം ഒപ്പിട്ടത്. 2024 ജനുവരിയില്‍ ധാരണാപത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാനിന് ഹൈപവര്‍ കമ്മിറ്റി അംഗീകാരവും നല്കി. എന്ബിസിസിയുടെയും ബോര്‍ഡിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട എംപവര്‍ കമ്മിറ്റി രൂപീകരിച്ചതോടെയാണ് പദ്ധതി നിര്‍വഹണ ഘട്ടത്തിലേക്ക് കടന്നത്.