കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷം : കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർജാമ്യം
1509466
Thursday, January 30, 2025 4:15 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയചർച്ചയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവനെയും കൗൺസിലർമാരെയും കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന പരാതി പ്രകാരം കോൺഗ്രസ് നേതാക്കളായ കെ.ആർ.ജയകുമാർ, പ്രിൻസ് പോൾ ജോൺ, പി.സി.ജോസ്, റെജി ജോൺ, ബോബൻ വർഗീസ് എന്നിവർക്കെതിരെയും കൂത്താട്ടുകുളം പോലീസ് കേസെടുത്തിരുന്നു.
കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് സിപിഎം വനിതാ കൗൺസിലർമാർ മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയും നൽകി. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി അനുവദിച്ചത്.
സിപിഎം കൗൺസിലർ കല രാജുവിനെ തട്ടികൊണ്ടു പോയ കേസിൽ സിപിഎം നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ കേസിൽ ഇന്ന് കോടതി വാദം കേൾക്കും.