ആധാര്‍ പുതുക്കാന്‍ മെസേജ് വരും, തൊട്ടേക്കല്ലേ..
1509469
Thursday, January 30, 2025 4:26 AM IST
കൊച്ചി: ആധാര്‍ പുതുക്കാന്‍ അജ്ഞാത നമ്പറില്‍നിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം അയച്ച് പണം കവരുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവം. തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ട് പലര്‍ക്കും പണം നഷ്ടമായതോടെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാട്സ്ആപ്പും മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളും ലക്ഷ്യംവച്ചാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനം. ഇത്തരം മെസേജുകളിലുള്ള ഫയലില്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ബാങ്ക് അക്കൗണ്ടുകള്‍ കാലിയാകും.
വിവരങ്ങള്‍ ഡാർക്ക് വെബ്ബില്‍ നിന്ന്
ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് ആധാര്‍ പുതുക്കാനായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജ് (എപികെ ഫയല്‍) അയയ്ക്കുക.
പ്രത്യേകം പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന എപികെ ഫയലിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പിന്നെ മൊബൈല്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മൊബൈല്‍ ബാങ്ക് ആപ്പിലൂടെ പണം തട്ടിപ്പുകാര്‍ തങ്ങളുടെ പല അക്കൗണ്ടിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റുകയും ചെയ്യും.
വിളിക്കാം 1930ല്‍
സൈബര്‍ തട്ടിപ്പിനിരയായാല്‍ സമയം കളയാതെ 1930 എന്ന സൈബര്‍ക്രൈം ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യണം.