മെട്രോ കാത്ത് അങ്കമാലി : ഡിപിആറിന് ടെന്‍ഡര്‍ ക്ഷണിച്ചതോടെ പ്രതീക്ഷ
1509757
Friday, January 31, 2025 4:14 AM IST
കൊച്ചി: ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെടുമ്പാശേരി വഴിയുള്ള ആലുവ-അങ്കമാലി മെട്രോ മൂന്നാംഘട്ട പാതയ്ക്കുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം. ആദ്യപടിയായി വിശദപദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ടെൻഡര്‍ ക്ഷണിച്ചു.
നിലവിലെ മെട്രോപാത പോലെ റോഡിന് മുകളില്‍ തൂണുകളില്‍ താങ്ങിനിര്‍ത്തുന്ന നിലയിലോ ഭൂമിക്കടിയിലൂടെയോ ഏതാണ് സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവും എന്നതടക്കം പരിശോധിച്ച് ഡിപിആര്‍ തയാറാക്കണമെന്നാണ് കെഎംആര്‍എല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആറു മാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം.
ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണം. അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും നിര്‍ദേശമുണ്ട്. പാതയുടെ ദൈര്‍ഘ്യം, സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങളും ഡിപിആറില്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
ഇത്തരത്തില്‍ തയാറാക്കുന്ന വിശദപദ്ധതി രേഖ കെഎംആര്‍എലിന്റെ ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ സൂക്ഷ്മമായി പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം പരിഷ്കരിച്ച ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തെ നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രസര്‍ക്കാരിന് കൈമാറും. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.
അനുമതി വൈകുമോ?
മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന്റെ ഡിപിആര്‍ കേന്ദ്രത്തിന് നല്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്തിമ അനുമതി ലഭിച്ചത്. അങ്കമാലി പാതയുടെ നിര്‍മാണഘട്ടത്തിലേക്ക് എത്താന്‍ സമാനമായ കാലതാമസം ഉണ്ടായേക്കാമെന്നാണ് കെഎംആര്‍എല്‍ സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശികവികസനത്തിനും വഴിവയ്ക്കുമെന്നാണു പ്രതീക്ഷ.
കാക്കനാട്ടേക്ക് 2026ൽ
ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായി.
സ്റ്റേഷനുകളുടെയും തൂണുകളുടെയും നിര്‍മാണം ആരംഭിച്ചു. 2026 ഓടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ഇതിനു പിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടി ആരംഭിച്ചത്.
അനിവാര്യമായ പദ്ധതി : ബെന്നി ബഹനാൻ ചാലക്കുടി എംപി
മെട്രോ റെയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദീർഘിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. വിമാനത്താവളത്തിലേയ്ക്കും അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് വേഗം വർധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിരന്തരമായ ശ്രമങ്ങൾ തുടരുകയാണ്.
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു പകരുന്നതാണു മെട്രോ റെയിൽ. പദ്ധതിയുടെ മൂന്നാം ഘട്ടം യാഥാർഥ്യമാക്കുന്നതിന് സമഗ്രമായ ഇടപെടലുകളുമായി എപ്പോഴും ഒപ്പമുണ്ടാകും. വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വിദേശ സഞ്ചാരികൾക്കും പ്രാദേശിക യാത്രികർക്കും ഏറെ ഉപകാരപ്രദമാകുന്നതാകും, മെട്രോ വികസനം.
മെട്രോ അങ്കമാലിക്ക് ആശ്വാസം, ആഹ്ലാദം : സിനി മനോജ്, വൈസ് ചെയർപേഴ്സൺ
അങ്കമാലി നഗരസഭ
അന്തർദേശീയ വിമാനത്താവളത്തിനോടു ചേർന്നുള്ള അങ്കമാലി, സംസ്ഥാനത്തെ രണ്ട് പ്രധാന റോഡുകളുടെ സംഗമസ്ഥാനം കൂടിയാണ്. ഇതു മൂലമുണ്ടാകുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാൻ പൂർണമായും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും നഗരസഭ അനുവർത്തിച്ച് കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ മെട്രോയുടെ വരവ് അങ്കമാലിക്ക് ഏറെ ആശ്വാസകരമാണ്.
സമയബന്ധിതമായി ഈ ശ്രമം പൂർത്തിയാക്കാൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നു. നഗരസഭയുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയുമുണ്ടാകും. അങ്കമാലിയുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നതിൽ നഗരസഭയും ആഹ്ലാദത്തിലാണ്.
പ്രാദേശിക കണക്ടിവിറ്റി വർധിക്കും : എസ്. സുഹാസ്, മാനേജിംഗ് ഡയറക്ടർ, സിയാൽ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ആലുവ മുതൽ അങ്കമാലി വരെയുള്ള കൊച്ചി മെട്രോ റെയിൽ മൂന്നാം ഘട്ട പദ്ധതിയെ സിയാൽ സ്വാഗതം ചെയ്യുന്നു. ലോകത്തിലെ എല്ലാ മികച്ച വിമാനത്താവളങ്ങളിലും അതത് നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ സൗകര്യങ്ങളുണ്ട്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇവയിലൊന്നായി സിയാൽ മാറും. പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നു എന്നതിനോപ്പം വിമാനത്താവളത്തിലേക്കെത്താൻ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകളും ഇതിലൂടെ സാധ്യമാകും. റോഡ് മാർഗമുള്ള തിരക്ക് കുറയ്ക്കാനും, കൂടുതൽ വേഗത്തിൽ എയർപോർട്ടിൽ എത്താനും കഴിയും.
മെട്രോയ്ക്കൊപ്പം ബൈപ്പാസും വേണം : ജോണി കുര്യാക്കോസ് പ്രസിഡന്റ്, അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്കമാലിയിലേക്കു സഞ്ചാര സൗകര്യം വർധിപ്പിക്കുന്ന, ദീർഘവീക്ഷണത്തോടെയുള്ള എല്ലാ യാത്രാ പദ്ധതികളെയും വ്യാപാരികളും പൊതുജനങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കും. മൂന്നാംഘട്ട മെട്രോ റെയിൽ നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കു നീട്ടുന്നത് ഈ നഗരത്തിന്റെ പ്രാധാന്യം വളരെയധികം വർധിപ്പിക്കും.
അതേസമയം മെട്രോ വരുന്നതിനു മുമ്പ് കുണ്ടന്നൂർ -കരയാംപറമ്പ്, കരയാംപറമ്പ്- അങ്കമാലി സൗത്ത് ബൈപ്പാസുകൾ യാഥാർഥ്യമാകണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ അങ്കമാലിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. അങ്കമാലിയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാൻ വേണ്ട എല്ലാ കാര്യങ്ങൾക്കും ഇവിടുത്തെ വ്യാപാരികളുടെ പിന്തുണയുണ്ട്.