പുഴവാതിലെ നിലംനികത്തല്‍: നഗരസഭാ റോഡ് കുത്തിപ്പൊളിച്ചുള്ള അനധികൃത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
1509631
Thursday, January 30, 2025 7:14 AM IST
ചങ്ങനാശേരി:നഗരസഭയുടെ രമണന് നഗര്‍-അങ്ങാടി റോഡ് ഇന്റര്‍ലോക്കുകള്‍ പൊളിച്ചുമാറ്റി സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത് നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയുടെ നിലം നികത്താനെത്തിയ ഭാരമേറിയ ടോറസ് ലോറികള്‍ നിരന്തരമായി ഓടിയതിനെത്തുടര്‍ന്ന് റോഡിന്റെ ഒരു വശം തകര്‍ന്നുപോയിരുന്നു.
നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് ഇന്നലെ രാവിലെയോടെ തൊഴിലാളികളെ നിയോഗിച്ച് റോഡ് കുത്തിപ്പൊളിച്ച് അശാസ്ത്രീയമായി നിര്‍മാണം നടത്തിയത്.
റോഡില്‍ മണ്ണുമായി ടോറസ് ലോറികള്‍ കയറിയതിനാല്‍ സമീപത്തെ കല്ക്കെട്ടുകള്ക്ക് ബലക്ഷയം ഉണ്ടാവുകയും റോഡ് സമീപത്തെ തോട്ടിലേക്കു ചരിഞ്ഞുനില്ക്കുകയുമാണ്. ഇതു പരിഹരിക്കാതെ തട്ടിക്കൂട്ടി റോഡ് നവീകരിച്ച് നിയമനടപടികളില്‍നിന്നും രക്ഷനേടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
വിവരമറിഞ്ഞ് എത്തിയ നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവപ്പിക്കുകയായിരുന്നു. ചെറുകിട ജലസേചന വകുപ്പിന്റെ അതീനതയിലുള്ള തോടിന്റെ ഒരു ഭാഗത്തെ നീരൊഴുക്ക് തടസപ്പെടുംവിധം മണ്ണിട്ട് മൂടിയാണ് നിലം നികത്തല്‍ നടന്നുവന്നിരുന്നത്.
മണ്ണ് ഉപയോഗിച്ച് നിര്‍മിച്ച തടയണയും നാട്ടുകാര്‍ ഇടപെട്ട് പൊളിച്ചുനീക്കി നീരൊഴുക്ക് പൂര്‍വസ്ഥിതിയില്‍ ആക്കുകയും ചെയ്തിട്ടുണ്ട്. വിഷയം മാധ്യമങ്ങളില്‍ വന്നതോടെയാണ് അധികൃതരുടെ ഇടപെടലിന് വേഗമുണ്ടായത്.