നാട്ടുകാരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി രൂപവത്കരിച്ചു
1509306
Wednesday, January 29, 2025 7:19 AM IST
കുറുപ്പന്തറ: മാഞ്ഞൂരില്‍ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും അഴിഞ്ഞാട്ടത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി രൂപവത്കരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തുന്ന രീതിയിലായിരുന്നു സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.
രാത്രികാലങ്ങളിലും പകല്‍സമയങ്ങളിലും സംഘം നാട്ടുകാരെ ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ചാമക്കാല പള്ളിയിലേക്ക് പോവുകയായിരുന്ന എടാട്ട് ജോയിയുടെ ഭാര്യ മോളിയുടെ മാല പൊട്ടിക്കാന്‍ സ്കൂട്ടറിലെത്തിയ സംഘം ശ്രമിച്ചിരുന്നു. മാഞ്ഞൂര്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് സമീപമുള്ള പാടകശ്ശേരീല് രാജുവിന്റെ കടയില്‍നിന്ന് മോഷ്ടാക്കള്‍ ഒരു പായ്ക്കറ്റ് മിഠായിയെടുത്ത് പണം നല്‍കാതെ കടന്നുകളഞ്ഞു.
രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മാഞ്ഞൂര്‍ സൗപര്‍ണികയില്‍ എ.എന്‍. പീതാംബരന് (71) നെ സ്കൂട്ടറിലെത്തിയ സാമൂഹ്യവിരുദ്ധര്‍ തലയ്ക്കടിച്ചു ആക്രമിച്ച സംഭവവും ഉണ്ടായി. പാടശേഖരത്തോട് ചേര്‍ന്നുള്ള പുരയിടങ്ങളിലെ തെങ്ങുകളില്‍നിന്ന് കരിക്കും തേങ്ങയും മോഷ്ടിക്കുന്ന സംഘം വാഴക്കുലകളും വെട്ടി കടത്തുകയാണ്. റബര്‍ ഷീറ്റുകള്‍ കവരുന്നതും പതിവായി.
കോതനല്ലൂരിലെ പെട്രോള്‍ പമ്പ് കുത്തി തുറന്നും മോഷണം നടത്തി. വ്യാപാര സ്ഥാപനത്തിലെത്തിയ മോഷ്ടാക്കള്‍ കടയുടമയുടെ മൊബൈല്‍ ഫോണ്‍ തട്ടിപറിച്ചു കടന്നുകളഞ്ഞ സംഭവവും അടുത്ത ദിവസം ഉണ്ടായി. അക്രമങ്ങളെ ചോദ്യം ചെയ്യുന്നവരെ സംഘം പിന്നീട് കായികമായി നേരിടുന്ന സംഭവവും പ്രദേശത്ത് പതിവായിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്ന അവസ്ഥയ്ക്ക് കാര്യമായ കുറവ് ഉണ്ടായില്ല.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത ചിലരെ പോലീസ് പിടികൂടിയെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായിരുന്നില്ല. ഇതോടെയാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡംഗം മഞ്ജു അനിലിന്റെ അധ്യക്ഷതയില്‍ മാഞ്ഞൂര്‍ 1232-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനജാഗ്രതാ സമിതി രൂപവത്കരിച്ചത്. കരയോഗം പ്രസിഡന്റ് രാജാഗോപാലന്‍ നായര്‍, ടി. സതീശ്, കെ.ടി. ഷിബു, മനു തങ്കപ്പന്, കെ.പി. ഹരികുമാര്‍, ദിലീപ്, ബിന്ദു സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
സമിതി തീരുമാനങ്ങള്‍
പത്ത് പേര് വീതമുള്ള രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ പ്രദേശത്ത്പട്രോളിംഗ് നടത്തും. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടുന്ന സമിതിയംഗങ്ങള്‍ പ്രദേശത്തെ ജനങ്ങളെ ഉള്‍പ്പെടുത്തി വാട്സപ്പ് കൂട്ടായ്മ രൂപവത്കരിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് ഏത് സമയത്തും ഫോണിലൂടെ ബന്ധപ്പെടാം. പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും സാന്നിധ്യവും പ്രദേശത്ത് ഉറപ്പ് വരുത്തും. വീടുകളിലെത്തി ജനങ്ങളെ സമിതിയംഗങ്ങള്‍ ബോധവത്കരിക്കും.
അക്രമികളില്‍നിന്ന് രക്ഷപെടുന്നതിനായി സ്വയംപ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരിശീലനം നല്‍കും.