ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ 424 സംരംഭങ്ങളും 37.47 കോടി രൂപയുടെ നിക്ഷേപവും
1509079
Tuesday, January 28, 2025 11:47 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് പരിധിയിലെ നവസംരംഭകർക്കായി സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
സംരംഭക വർഷം 3.0 യുടെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 424 സംരംഭങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിച്ചതായി ശില്പശാല വിലയിരുത്തി. 37.47 കോടി രൂപയുടെ നിക്ഷേപവും 885 തൊഴിലവസരവും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ സംരംഭക വർഷം ബ്ലോക്ക് പരിധിയിൽ 497 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 86.94 കോടി രൂപയുടെ നിക്ഷേപവും 1067 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എൻ. രാമചന്ദ്രൻ, മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസർ സിനോ ജേക്കബ് മാത്യു, ബിഡിഒ ജോഷി ജോസഫ്, വ്യവസായ വികസന ഓഫീസർ മായാ ഗോപാൽ എന്നിവർ പ്രസംഗിച്ചു. വ്യവസായ വികസന ഓഫീസർ പി. ചന്ദ്രൻ, ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജയിംസ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.