തെരുവുനായ ശല്യം: നഗരസഭയ്ക്കെതിരേ സിപിഎം പ്രതിഷേധം
1509300
Wednesday, January 29, 2025 7:19 AM IST
വൈക്കം: നഗരത്തിൽ തെരുവു നായ ശല്യം രൂക്ഷമായിട്ടും നഗരസഭാ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി സിപിഎം. ഇന്നലെ രാവിലെ 11ഓടെ പ്രതിഷേധവുമായി നഗരസഭയിലേക്ക് എത്തിയ സിപിഎം പ്രവർത്തകർ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ ഉപരോധിച്ചു. സിപിഎം വൈക്കം ടൗൺ നോർത്ത്,സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച വൈക്കം തോട്ടുവക്കത്ത് തെരുവുനായ ആക്രമണത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. കടിയേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിസി പ്രോഗ്രാം നടപ്പിലാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും 10നകം പൂർത്തിയാക്കുമെന്നും പരിക്കേറ്റവർക്ക് 5000 രൂപ അടിയന്തരമായി നൽകുമെന്നും നഗരസഭാ ചെയർപേഴ്സൺ എഴുതി നൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ഉപരോധസമരത്തിനു സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ പി. ഹരിദാസ്, സി.പി. ജയരാജ്, എം. സുജിൻ, ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി. ടി. രാജേഷ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻനായർ, നഗരസഭ കൗൺസിലർ കവിതാ രാജേഷ് എന്നിവർ നേതൃത്വം നൽകി.