കൊടുതുരുത്ത് - മറ്റം പാലത്തിന്റെ നിർമാണത്തിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു
1509302
Wednesday, January 29, 2025 7:19 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കൊടുതുരുത്ത്-മറ്റം ഭാഗങ്ങളെ ബന്ധിപ്പിച്ച് കൈപ്പുഴയാറിന്റെ കൈവഴിയായ മറ്റം തോടിനു കുറുകെ നിർമിക്കുന്ന മറ്റം പാലത്തിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി സി.കെ. ആശ എംഎൽഎ അറിയിച്ചു.
ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച തെങ്ങിൻ പാലമാണ് ഇവിടെ നിലവിൽ ഉള്ളത്. രണ്ട് വർഷം മുമ്പ് ഈ താത്കാലിക പാലത്തിൽ കയറിയ ലോറി മറിഞ്ഞ് തോട്ടിൽ പതിച്ച് ലോറി ഡ്രൈവർ മുങ്ങിമരിച്ചിരുന്നു.പാലം യാഥാർഥ്യമായാൽ തോട്ടുങ്കൽകടവ്, തറേമറ്റം,ചേക്ക, കൊച്ചുചേക്ക , കന്യാക്കോൺ,മറ്റം പാടം,നെല്ലാനിക്കൽ, ചെറുവള്ളിക്കരി , ഒറ്റത്തടം തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കും ചെത്തു തൊഴിലാളികൾക്കും മറ്റം ഭാഗത്തു താമസിക്കുന്ന 120ഓളം കുടുംബങ്ങളുടെ ഗതാഗത സൗകര്യം വർധിക്കാനാകും.
കൂടാതെ സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുതുരുത്ത്-മറ്റം- എസ്എൻഡിപി - വളച്ചകരി റോഡ് നിർമ്മാണത്തിന് 40 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വെച്ചൂർ മറ്റം നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് അറുതി വരുന്നത്.