എന്ന് തുറക്കും എരുമേലിയിലെ പുതിയ വില്ലേജ് ഓഫീസ്
1509322
Wednesday, January 29, 2025 10:33 PM IST
എരുമേലി: പുതിയ കെട്ടിടം നിർമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ എരുമേലിയിലെ വില്ലേജ് ഓഫീസ് കെട്ടിടം. സ്ഥലം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് വന്നതാണ് പ്രവർത്തനം തുടങ്ങാൻ തടസമായിരിക്കുന്നത്. ഒരു വർഷമായി കേസ് നടപടികൾ ഇഴയുകയാണ്. കെട്ടിടത്തിൽ കാടുകൾ വളർന്ന് ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും താവളമായി മാറിക്കൊണ്ടിരിക്കുന്നു. 44 ലക്ഷം രൂപ ചെലവിട്ട് 1250 ചതുരശ്രഅടിയിൽ നിർമിതി കേന്ദ്രമാണ് കെട്ടിട നിർമാണം നടത്തിയത്.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വർഷങ്ങളായി വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അസൗകര്യങ്ങൾ ഏറെയാണ്. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത് ടൗണിന് അടുത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസ് സ്ഥലത്താണ്. കഴിഞ്ഞ വർഷമാണ് കെട്ടിടം നിർമിച്ചത്. പത്ത് സെന്റ് സ്ഥലം ഇവിടെ ജില്ലാ കളക്ടർ ഏറ്റെടുത്തായിരുന്നു നിർമാണം. സ്ഥലം ഏറ്റെടുക്കുമ്പോൾ പൊതുവിജ്ഞാപനം പുറപ്പെടുവിച്ചതാണ്. അപ്പോഴൊന്നും എതിർപ്പുകൾ ഒരു കോണിൽ നിന്നും ഉയർന്നിരുന്നില്ല.
കെട്ടിടം നിർമാണം തീർത്ത് ഉദ്ഘാടന തീയതി നിശ്ചയിച്ച് നോട്ടീസ് പുറത്തിറങ്ങി കഴിഞ്ഞാണ് എറണാകുളം സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ച് കേസ് നൽകിയത്. പശ്ചിമ ദേവസ്വം വക സ്ഥലമാണ് ഇതെന്നാണ് കേസിൽ ഉന്നയിച്ചത്. ഇതേതുടർന്ന് ഉദ്ഘാടനം നടത്തരുതെന്ന് കോടതി നിർദേശം വന്നു. കേസിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം കോടതി തടഞ്ഞതോടെ അനാഥമായ നിലയിലായിരിക്കുകയാണ് കെട്ടിടം.
ജില്ലയിൽ വിസ്തൃതി കൊണ്ട് വലിയ വില്ലേജ് ആയ എരുമേലിയിൽ സൗകര്യപ്രദമായ ഓഫീസ് അനിവാര്യമാണെന്ന് ആവശ്യം ശക്തമായതോടെയാണ് പല സ്ഥലങ്ങളും പരിശോധിച്ചതിനൊടുവിൽ റസ്റ്റ് ഹൗസ് ഭാഗത്തെ ഒഴിഞ്ഞ സ്ഥലം റവന്യു വകുപ്പിന് വിട്ടുകിട്ടിയത്. ഇവിടെ ഫണ്ട് അനുവദിച്ച് കെട്ടിടം നിർമിക്കുമ്പോഴൊന്നും എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നിരിക്കെ കെട്ടിടം നിർമിച്ച ശേഷം തടസവാദം ഉന്നയിക്കുന്നതിലെ ഉദ്ദേശ്യം കോടതിയിൽ ബോധ്യപ്പെടുത്തണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെടുന്നു.
ഒരു വർഷമായിട്ടും കേസ് നീണ്ടുപോയ്ക്കൊണ്ടിരിക്കുന്നത് മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി കോടതിയിൽ കക്ഷി ചേർന്ന് പൊതുജന അഭിപ്രായം അറിയിക്കണമെന്നും ഓഫീസ് തുറക്കാൻ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.